Top Spec

The Top-Spec Automotive Web Portal in Malayalam

ഔഡി എ4 ഫേസ്‌ലിഫ്റ്റ് ബുക്കിംഗ് തുടരുന്നു

ജനുവരി അഞ്ചിന് വിപണി അവതരണം നടക്കും

ഫേസ്‌ലിഫ്റ്റ് ചെയ്ത ഔഡി എ4 ഹൈ-പെര്‍ഫോമന്‍സ് സെഡാന്റെ ബുക്കിംഗ് ഇന്ത്യയില്‍ തുടരുന്നു. അംഗീകൃത ഡീലര്‍ഷിപ്പുകളിലോ ഔദ്യോഗിക വെബ്‌സൈറ്റിലോ കാര്‍ ബുക്ക് ചെയ്യാം. രണ്ട് ലക്ഷം രൂപയാണ് ബുക്കിംഗ് തുക. അഞ്ചാം തലമുറ മോഡലിന്റെ പരിഷ്‌കരിച്ച പതിപ്പാണ് വിപണിയിലെത്തുന്നത്. ജനുവരി അഞ്ചിന് വിപണി അവതരണം നടക്കും. പ്രീ-ബുക്കിംഗ് നടത്തുന്ന എല്ലാ ഉപയോക്താക്കള്‍ക്കും നാല് വര്‍ഷത്തെ സമഗ്ര സര്‍വീസ് പാക്കേജ് കമ്പനി വാഗ്ദാനം ചെയ്യുന്നു. 2021 ല്‍ ഔഡി ഇന്ത്യയില്‍ അവതരിപ്പിക്കുന്ന ആദ്യ ഉല്‍പ്പന്നമാണ് എ4 ഫേസ്‌ലിഫ്റ്റ്.

ഔഡിയുടെ ‘എ’ കാറുകളില്‍ ഏറ്റവുമധികം വിറ്റുപോകുന്ന മോഡലുകളിലൊന്നാണ് എ4. സെഗ്‌മെന്റില്‍ നിരവധി പുതുമകളോടെയാണ് ഏറ്റവും പുതിയ പതിപ്പ് വരുന്നത്. സ്‌റ്റൈലിംഗ്, ഫീച്ചറുകള്‍ എന്നീ കാര്യങ്ങളില്‍ പുതിയ എ4 മാറ്റങ്ങള്‍ക്ക് വിധേയമായി.

2.0 ലിറ്റര്‍, ടിഎഫ്എസ്‌ഐ പെട്രോള്‍ എന്‍ജിനാണ് ഔഡി എ4 ഫേസ്‌ലിഫ്റ്റ് ഉപയോഗിക്കുന്നത്. ഈ മോട്ടോര്‍ 188 ബിഎച്ച്പി കരുത്തും 320 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ 100 കിമീ വേഗമാര്‍ജിക്കാന്‍ 7.3 സെക്കന്‍ഡ് മതി. 2016 ല്‍ അരങ്ങേറിയ ബി9 എ4 (അഞ്ചാം തലമുറ) മോഡലാണ് ഫേസ്‌ലിഫ്റ്റ് ചെയ്തത്. അതുകൊണ്ടുതന്നെ, പുറത്തെ ഡിസൈന്‍ പരിഷ്‌കരിച്ചപ്പോള്‍ അകത്തെ ഫീച്ചറുകള്‍ മെച്ചപ്പെടുത്തി. ഔഡിയുടെ പരിഷ്‌കരിച്ച എംഎംഐ (മള്‍ട്ടി മീഡിയ ഇന്റര്‍ഫേസ്) സഹിതം പുതിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം നല്‍കി.

ഇന്ത്യയിൽ ഔഡി ബ്രാൻഡിനെ പരിചയപ്പെടുത്തിയ മോഡൽ എന്ന നിലയിൽ പുതിയ എ4 പുറത്തിറക്കി പുതുവർഷം ആരംഭിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ഔഡി ഇന്ത്യ മേധാവി ബൽബീർ സിംഗ് ധില്ലൻ പറഞ്ഞു. 2021 ൽ നിരവധി ഉൽപ്പന്നങ്ങൾ വിപണിയിൽ അവതരിപ്പിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.