Top Spec

The Top-Spec Automotive Web Portal in Malayalam

എൽസിവി വിപണി ഭരിക്കാൻ ബഡാ ദോസ്ത്

അശോക് ലെയ്ലൻഡ് പുതുതായി സ്വന്തമായി വികസിപ്പിച്ച എഎൽ പ്ലാറ്റ്ഫോമിലാണ് ബഡാ ദോസ്ത് നിർമിക്കുന്നത് 

അശോക് ലെയ്ലൻഡ് തങ്ങളുടെ പൂർണമായും പുതിയ ലഘു വാണിജ്യ വാഹനമായ (എൽസിവി) ‘ബഡാ ദോസ്ത്’ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. എൽസിവി വിപണിയിൽ അശോക് ലെയ്ലൻഡിന്റെ ‘ദോസ്ത്’ ബ്രാൻഡ് സൃഷ്ടിച്ചെടുത്ത ശക്തമായ അടിത്തറയിലാണ് ബഡാ ദോസ്ത് പുറത്തിറക്കുന്നത്. പുതുതായി സ്വന്തമായി വികസിപ്പിച്ച എഎൽ പ്ലാറ്റ്ഫോമിലാണ് ബഡാ ദോസ്ത് നിർമിക്കുന്നത്.  

രണ്ട് വേരിയന്റുകളിലും രണ്ട് പേലോഡ് ശേഷികളിലും ബഡാ ദോസ്ത് ലഭിക്കും. ഐ3 വേരിയന്റിന് 1,405 കിലോഗ്രാം, ഐ4 വേരിയന്റിന് 1,860 കിലോഗ്രാം എന്നിങ്ങനെയാണ് പേലോഡ് ശേഷി. എൽഎസ്, എൽഎക്സ് എന്നിവയാണ് രണ്ട് ട്രിം ഓപ്ഷനുകൾ. ഐ3 വകഭേദത്തിന്റെ എൽഎസ്, എൽഎക്സ് വേരിയന്റുകൾക്ക് യഥാക്രമം 7.75 ലക്ഷം രൂപയും 7.95 ലക്ഷം രൂപയുമാണ് മുംബൈ എക്സ് ഷോറൂം വില. അതേസമയം ഐ4 വകഭേദത്തിന്റെ എൽഎസ്, എൽഎക്സ് വേരിയന്റുകൾക്ക് യഥാക്രമം 7.79 ലക്ഷം രൂപയും 7.99 ലക്ഷം രൂപയും വില വരും.  

ഐ4, ഐ3 വകഭേദങ്ങൾക്ക് 1.5 ലിറ്റർ, 3 സിലിണ്ടർ ടർബോ ഡീസൽ എൻജിനാണ് കരുത്തേകുന്നത്. ഈ മോട്ടോർ 3,300 ആർപിഎമ്മിൽ 79 ബിഎച്ച്പി പരമാവധി കരുത്തും 1,600 നും 2,400 നുമിടയിൽ ആർപിഎമ്മിൽ 190 എൻഎം പരമാവധി ടോർക്കും ഉൽപ്പാദിപ്പിക്കും.  

ഈ വാഹന ഗണത്തിലെ ഏറ്റവും മികച്ച കരുത്തും ഇന്ധനക്ഷമതയും നൽകുന്നതാണ് പുതിയ എൻജിനെന്ന് അശോക് ലെയ്ലൻഡ് അവകാശപ്പെട്ടു. കുറഞ്ഞ സ്ഥലത്ത് തിരിക്കാൻ കഴിയുന്നതും ഈ വാഹന ഗണത്തിലെ ഏറ്റവും മികച്ച ഗ്രൗണ്ട് ക്ലിയറൻസും കാരണം ബഡാ ദോസ്തിനെ നഗരങ്ങൾക്കുള്ളിലും നഗരങ്ങൾക്കിടയിലും ഉപയോഗിക്കാൻ അനുയോജ്യമാണെന്നും കമ്പനി പ്രസ്താവിച്ചു.  

സെഗ്മെന്റിൽ ഇതാദ്യമായി ബഡാ ദോസ്തിൽ മൂന്ന് പേർക്ക് ഇരിക്കാവുന്ന വോക് ത്രൂ കാബിൻ നൽകിയിരിക്കുന്നു. മടക്കാവുന്ന ബാക്ക്റെസ്റ്റ്, മടക്കാവുന്ന ഹാൻഡ് ബ്രേക്ക് എന്നിവകൂടി നൽകിയത് ട്രിപ്പുകൾക്കിടയിൽ ഡ്രൈവർക്കും മറ്റും വിശ്രമിക്കാൻ ഏറെ സൗകര്യപ്രദമാകും. ഡാഷിലാണ് ഗിയർ ഷിഫ്റ്റ് ലിവർ നൽകിയിരിക്കുന്നത്. ഇരട്ട നിറത്തിലുള്ള ഡാഷ്ബോർഡ്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയാണ് മറ്റ് സവിശേഷതകൾ. പവർ സ്റ്റിയറിംഗ്‌, എയർ കണ്ടീഷണിംഗ് എന്നിവയും നൽകി.