Top Spec

The Top-Spec Automotive Web Portal in Malayalam

ആയിരം കടന്ന് ടാറ്റ നെക്സോൺ ഇവി

ആയിരമെണ്ണം തികഞ്ഞ നെക്സോൺ ഇവി പുണെ പ്ലാന്റിൽനിന്ന് പുറത്തെത്തിച്ചു 

ടാറ്റ മോട്ടോഴ്സിന്റെ വൈദ്യുത വാഹനമായ നെക്സോൺ ഇവി ശ്രദ്ധേയ നാഴികക്കല്ല് പിന്നിട്ടു. ഇതിനകം ആയിരം യൂണിറ്റ് നെക്സോൺ ഇവി നിർമിച്ചതായി ടാറ്റ മോട്ടോഴ്സ് പ്രഖ്യാപിച്ചു. ആയിരമെന്ന എണ്ണം തികഞ്ഞ ടാറ്റ നെക്സോൺ ഇവി പുണെ പ്ലാന്റിൽനിന്ന് പുറത്തെത്തിച്ചു. വിപണി അവതരണം കഴിഞ്ഞ് എട്ട് മാസങ്ങൾക്കുള്ളിലാണ് ഈ സുപ്രധാന നേട്ടം. 13.99 ലക്ഷം മുതൽ 15.99 ലക്ഷം രൂപ വരെയാണ് ടാറ്റ നെക്സോൺ ഇവിയുടെ ഇന്ത്യ എക്സ് ഷോറൂം വില.  

2021 സാമ്പത്തിക വർഷത്തിലെ 2020 ഏപ്രിൽ-ജൂൺ പാദത്തിൽ ഇലക്ട്രിക് വാഹന (ഇവി) സെഗ്മെന്റിൽ 62 ശതമാനം വിപണി വിഹിതം നേടാൻ ടാറ്റ മോട്ടോഴ്സിനെ നെക്സോൺ ഇവി സഹായിച്ചിരുന്നു. നെക്സോൺ ഇവി കൂടാതെ ടിഗോർ ഇവിയാണ് ടാറ്റ മോട്ടോഴ്സിന്റെ മറ്റൊരു വൈദ്യുത വാഹനം. നെക്സോൺ ഇവി മോഡലിനായി കമ്പനി ഈയിടെ സബ്സ്ക്രിപ്ഷൻ പദ്ധതി അവതരിപ്പിച്ചിരുന്നു.  

ഇലക്ട്രിക് വാഹനങ്ങളുടെ സ്വീകാര്യത നാൾക്കുനാൾ വർധിക്കുകയാണെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വാഹന ബിസിനസ് വിഭാഗം പ്രസിഡന്റ് ശൈലേഷ് ചന്ദ്ര പറഞ്ഞു. കൊവിഡ്-19 ഉയർത്തിയ വെല്ലുവിളികൾക്കിടയിലാണ് ഈ നേട്ടമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.