Top Spec

The Top-Spec Automotive Web Portal in Malayalam

കിയ സോണറ്റ് പ്രീ-ബുക്കിംഗ് ആരംഭിച്ചു

25,000 രൂപയാണ് ബുക്കിംഗ് തുക 

കിയ സോണറ്റ് സബ്കോംപാക്റ്റ് എസ് യുവിയുടെ പ്രീ-ബുക്കിംഗ് ആരംഭിച്ചു. കിയ മോട്ടോഴ്സ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റിലോ രാജ്യത്തെ കിയ ഡീലർഷിപ്പുകളിലോ ബുക്കിംഗ് നടത്താം. 25,000 രൂപയാണ് ബുക്കിംഗ് തുക. നാല് മീറ്ററിൽ താഴെ നീളം വരുന്ന സ്പോർട്ട് യൂട്ടിലിറ്റി വാഹനമാണ് കിയ സോണറ്റ്.  

ദക്ഷിണ കൊറിയൻ കാർ നിർമാതാക്കളുടെ ഇന്ത്യയിലെ മൂന്നാമത്തെ മോഡൽ ഈ മാസമാദ്യമാണ് അനാവരണം ചെയ്തത്. സെൽറ്റോസ് എസ് യുവി, കാർണിവൽ എംപിവി എന്നിവയാണ് ആദ്യ രണ്ട് മോഡലുകൾ. സെൽറ്റോസ് കൂടാതെ ഇന്ത്യയിൽ നിർമിക്കുന്ന രണ്ടാമത്തെ കിയ മോഡലാണ് സോണറ്റ്.  

5 സ്പീഡ് മാന്വൽ ട്രാൻസ്മിഷൻ ഘടിപ്പിച്ച 1.2 ലിറ്റർ പെട്രോൾ എൻജിനാണ് ഒരു എൻജിൻ ഓപ്ഷൻ. 1.5 ലിറ്റർ ഡീസൽ എൻജിന്റെ ട്രാൻസ്മിഷൻ ഓപ്ഷനുകൾ 6 സ്പീഡ് മാന്വൽ, 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവയാണ്. 6 സ്പീഡ് ഐഎംടി (ഇന്റലിജന്റ് മാന്വൽ ട്രാൻസ്മിഷൻ), 7 സ്പീഡ് ഡിസിടി (ഡുവൽ ക്ലച്ച് ട്രാൻസ്മിഷൻ) എന്നീ ഓപ്ഷനുകളോടെ 1.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എൻജിനാണ് മറ്റൊരു ഓപ്ഷൻ.  

പൂർണമായും എൽഇഡി ലൈറ്റിംഗ്, 16 ഇഞ്ച് ഡുവൽ ടോൺ അലോയ് വീലുകൾ, റിമോട്ട് എൻജിൻ സ്റ്റാർട്ട്, ‘യുവോ’ കണക്റ്റിവിറ്റി സഹിതം 10.25 ഇഞ്ച് വലുപ്പമുള്ള ഹൈ ഡെഫിനിഷൻ (എച്ച്ഡി) ടച്ച്സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സിസ്റ്റം, മുന്നിൽ വെന്റിലേറ്റഡ് സീറ്റുകൾ, കൂളിംഗ് ഫംഗ്ഷൻ സഹിതം വയർലെസ് ചാർജിംഗ്, എൽഇഡി സൗണ്ട് മൂഡ് ലൈറ്റിംഗ്, ഡ്രൈവ് മോഡുകൾ, ട്രാക്ഷൻ കൺട്രോൾ മോഡുകൾ, എയർ പ്യൂരിഫയർ, സബ് വൂഫർ സഹിതം ഏഴ് സ്പീക്കറുകളോടെ ‘ബോസ്’ മ്യൂസിക് സിസ്റ്റം എന്നിവ ഫീച്ചറുകളാണ്.  

ആറ് എയർബാഗുകൾ, ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്), ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്സ് ഡിസ്ട്രിബ്യൂഷൻ (ഇബിഡി), ഇലക്ട്രോണിക് സ്റ്റബിലിറ്റി കൺട്രോൾ (ഇഎസ് സി), വെഹിക്കിൾ സ്റ്റബിലിറ്റി മാനേജ്മെന്റ് (വിഎസ്എം), ബ്രേക്ക് അസിസ്റ്റ്, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് എന്നിവ സുരക്ഷാ ഫീച്ചറുകളാണ്.  

എച്ച്ടി ലൈൻ, ജിടി ലൈൻ എന്നീ രണ്ട് വകഭേദങ്ങളിലും എച്ച്ടിഇ, എച്ച്ടികെ, എച്ച്ടികെ പ്ലസ്, എച്ച്ടിഎക്സ്, എച്ച്ടിഎക്സ് പ്ലസ്, ജിടിഎക്സ് പ്ലസ് എന്നീ ആറ് ട്രിമ്മുകളിലും എട്ട് മോണോ ടോൺ നിറങ്ങളിലും മൂന്ന് ഡുവൽ ടോൺ നിറങ്ങളിലും കിയ സോണറ്റ് ലഭിക്കും.