Top Spec

The Top-Spec Automotive Web Portal in Malayalam

ആഡംബരത്തികവിൽ ബിഎംഡബ്ല്യു 3 സീരീസ് ജിടി ‘ഷാഡോ എഡിഷൻ’

എക്സ് ഷോറൂം വില 42.50 ലക്ഷം രൂപ 

ബിഎംഡബ്ല്യു 330ഐ ഗ്രാൻ ടൂറിസ്മോ ‘ഷാഡോ എഡിഷൻ’ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 42.50 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. ജർമൻ ആഡംബര കാർ നിർമാതാക്കളുടെ ചെന്നൈ പ്ലാന്റിലാണ് 3 സീരീസ് ജിടിയുടെ പെട്രോൾ വേരിയന്റ് തദ്ദേശീയമായി നിർമിക്കുന്നത്. ആൽപൈൻ വൈറ്റ്, മെൽബൺ റെഡ് മെറ്റാലിക്, ബ്ലാക്ക് സഫയർ മെറ്റാലിക്, എസ്റ്റോറിൽ ബ്ലൂ മെറ്റാലിക് എന്നീ നാല് നിറഭേദങ്ങളിൽ ലഭിക്കും. ഓൺലൈൻ വഴി ബുക്കിംഗ് സ്വീകരിച്ചുതുടങ്ങി. ഡെലിവറി പിന്നീട് ആരംഭിക്കും.  

‘എം സ്പോർട്ട്’ രൂപകൽപ്പനയോടെയാണ് ബിഎംഡബ്ല്യു 3 സീരീസ് ഗ്രാൻ ടൂറിസ്മോ ഷാഡോ എഡിഷൻ വരുന്നത്. ഗ്ലോസ് ബ്ലാക്ക് നിറത്തിൽ ഒമ്പത് അഴികളോടുകൂടിയ ( 9 സ്ലാറ്റ്) കിഡ്‌നി ഗ്രിൽ ഏവരുടെയും ശ്രദ്ധയാകർഷിക്കും. എൽഇഡി ഹെഡ്ലൈറ്റുകൾ, ടെയ്ൽലൈറ്റുകൾ എന്നിവയിൽ ഡാർക്ക് ഷാഡോ സാന്നിധ്യം കാണാം. 18 ഇഞ്ച് വ്യാസമുള്ളതും ജെറ്റ് ബ്ലാക്ക് നിറത്തോടുകൂടിയതുമായ സ്റ്റാർ സ്പോക്ക് അലോയ് വീലുകൾ നൽകിയിരിക്കുന്നു. ബ്ലാക്ക് ക്രോം നിറത്തിലുള്ള എക്സോസ്റ്റ് ടെയ്ൽപൈപ്പ് കൂടി നൽകിയതോടെ മനോഹാരിത പിന്നെയും വർധിച്ചു.  

ചുവപ്പ് സാന്നിധ്യത്തോടുകൂടി സെൻസെടെക് ബ്ലാക്ക്, ബ്ലാക്ക് & സെൻസെടെക് വേനെറ്റോ ബേഷ്, വേനെറ്റോ ബേഷ് എന്നീ അപോൾസ്റ്ററി ഓപ്ഷനുകളോടെയാണ് ബിഎംഡബ്ല്യു 330ഐ ഗ്രാൻ ടൂറിസ്മോ ‘ഷാഡോ എഡിഷൻ’ വരുന്നത്. അലുമിനിയത്തിൽ തീർത്ത ഡോർ സിൽ പ്ലേറ്റുകൾ, ‘എം’ ലോഗോയോടുകൂടിയ കീ, തുകൽ പൊതിഞ്ഞ ‘എം സ്പോർട്ട്’ സ്റ്റിയറിംഗ് വളയം, മികച്ച മാനസികാവസ്ഥ നൽകുന്ന നിറങ്ങളോടുകൂടിയ ആംബിയന്റ് ലൈറ്റിംഗ്, എയർ വെന്റുകളുടെ അരികുകളിൽ ക്രോം സാന്നിധ്യം എന്നിവ നൽകിയിരിക്കുന്നു. എല്ലാ കൺട്രോളുകളും എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുംവിധത്തിലുള്ളതാണ് ബിഎംഡബ്ല്യു കോക്പിറ്റ്. മെച്ചപ്പെട്ട സുഖസൗകര്യം ലഭിക്കുന്ന തരത്തിൽ സീറ്റിംഗ് പൊസിഷൻ ഉയർത്തിയിരിക്കുന്നു. പനോരമിക് ഗ്ലാസ് റൂഫ് മറ്റൊരു സവിശേഷതയാണ്. കൂടാതെ ആക്സസറി എന്ന നിലയിൽ വയർലെസ് ചാർജിംഗ് സൗകര്യം ലഭിക്കും. 8.7 ഇഞ്ച് ഡിസ്പ്ലേ സഹിതം ബിഎംഡബ്ല്യു ഐഡ്രൈവ് ഉൾപ്പെടുന്ന ‘ബിഎംഡബ്ല്യു കണക്റ്റഡ് ഡ്രൈവ്’, 3ഡി മാപ്പുകളോടുകൂടി ബിഎംഡബ്ല്യു നാവിഗേഷൻ സിസ്റ്റം പ്രൊഫഷണൽ (ടച്ച് ഫംഗ്ഷൻ), ബിഎംഡബ്ല്യു ആപ്പുകൾ, പാർക്ക് ഡിസ്റ്റൻസ് കൺട്രോൾ, റിയർവ്യൂ കാമറ, ആപ്പിൾ കാർപ്ലേ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, യുഎസ്ബി/ഓക്സ് ഇൻ കണക്റ്റിവിറ്റി എന്നിവ ഫീച്ചറുകളാണ്.  

2.0 ലിറ്റർ, 4 സിലിണ്ടർ പെട്രോൾ എൻജിനാണ് ബിഎംഡബ്ല്യു 330ഐ ഗ്രാൻ ടൂറിസ്മോ ഷാഡോ എഡിഷന് കരുത്തേകുന്നത്. ഈ മോട്ടോർ 248 ബിഎച്ച്പി കരുത്തും 350 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കും. 8 സ്പീഡ് സ്‌റ്റെപ്ട്രോണിക് സ്പോർട്ട് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ എൻജിനുമായി ഘടിപ്പിച്ചു. പൂജ്യത്തിൽനിന്ന് മണിക്കൂറിൽ നൂറ് കിലോമീറ്റർ വേഗമാർജിക്കാൻ 6.1 സെക്കൻഡ് മതി.  

ആറ് എയർബാഗുകൾ, ബ്രേക്ക് അസിസ്റ്റ് സഹിതം ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്), ഡൈനാമിക് സ്റ്റബിലിറ്റി കൺട്രോൾ (ഡിഎസ് സി), ഡൈനാമിക് ട്രാക്ഷൻ കൺട്രോൾ (ഡിടിസി), കോർണറിംഗ് ബ്രേക്ക് കൺട്രോൾ (സിബിസി), വശങ്ങളിൽനിന്ന് കൂട്ടിയിടി സംഭവിച്ചാൽ സുരക്ഷയേകുന്ന സംവിധാനം, ബലപ്പെടുത്തിയ വശങ്ങളോടുകൂടിയ റൺഫ്ലാറ്റ് ടയറുകൾ, അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ അധിക ചക്രം, ഇലക്ട്രോണിക് വെഹിക്കിൾ ഇമ്മൊബിലൈസർ തുടങ്ങിയവ ബിഎംഡബ്ല്യു 3 സീരീസ് ഗ്രാൻ ടൂറിസ്മോ ഷാഡോ എഡിഷന്റെ സുരക്ഷാ ഫീച്ചറുകളാണ്.