Top Spec

The Top-Spec Automotive Web Portal in Malayalam

സ്കോഡ ഇനിയാക്ക് സെപ്റ്റംബർ ഒന്നിന്

ഇലക്ട്രിക് വാഹനത്തിന്റെ പുറത്തെ രൂപകൽപ്പന സംബന്ധിച്ച രേഖാചിത്രം പുറത്തുവിട്ടു   

മേൽമീശയെന്ന് തോന്നിപ്പിക്കുന്ന ഗ്രിൽ, എൽഇഡി ഹെഡ്ലാംപുകൾ, എൽഇഡി ടെയ്ൽ ലൈറ്റുകൾ, ഷാർപ്പ് ക്രീസുകൾ, വീതിയേറിയ വീൽ ആർച്ചുകൾ എന്നിവ ചിത്രങ്ങളിൽ കാണാം.

ചെക്ക് വാഹന നിർമാതാക്കളായ സ്കോഡയുടെ ആദ്യ പൂർണ വൈദ്യുത വാഹനമാണ് (ഇവി) ഇനിയാക്ക്. അടുത്ത മാസം ഒന്നാം തീയതി ക്രോസ്ഓവർ ഇവി ആഗോള അരങ്ങേറ്റം നടത്തും. ഇതിനു മുന്നോടിയായി ഇലക്ട്രിക് വാഹനത്തിന്റെ പുറത്തെ രൂപകൽപ്പന സംബന്ധിച്ച രേഖാചിത്രം പുറത്തുവിട്ടു.  

മേൽമീശയെന്ന് തോന്നിപ്പിക്കുന്ന ഗ്രിൽ, എൽഇഡി ഹെഡ്ലാംപുകൾ, എൽഇഡി ടെയ്ൽ ലൈറ്റുകൾ, ഷാർപ്പ് ക്രീസുകൾ, വീതിയേറിയ വീൽ ആർച്ചുകൾ എന്നിവ ചിത്രങ്ങളിൽ കാണാം. വാഹനത്തിനകത്തെ രൂപകൽപ്പന സംബന്ധിച്ച രേഖാചിത്രം നമ്മൾ ഇതിനകം കണ്ടതാണ്.  

എംഇബി ഇലക്ട്രിക് പ്ലാറ്റ്ഫോമിലാണ് സ്കോഡ ഇനിയാക്ക് നിർമിക്കുന്നത്. കാറിന്റെ തറയുടെ അടിയിലാണ് ബാറ്ററി പാക്ക് സ്ഥാപിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ 2,765 മില്ലിമീറ്ററാണ് വീൽബേസ്. എസ് യുവിയുടെ കാബിനിൽ കൂടുതൽ സ്ഥലസൗകര്യം ഉണ്ടായിരിക്കും.  

ഒരു ഇലക്ട്രിക് മോട്ടോർ മാത്രമായിരിക്കും റിയർ വീൽ ഡ്രൈവ് വാഹനമായ സ്കോഡ ഇനിയാക്ക് ഉപയോഗിക്കുന്നത്. ബാറ്ററി പൂർണമായി ചാർജ് ചെയ്താൽ ഏകദേശം 500 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയും. 82 കിലോവാട്ട് അവർ ബാറ്ററി പാക്കാണ് ഇലക്ട്രിക് മോട്ടോറിന് കരുത്തേകുന്നത്. കൂടുതൽ കരുത്തുറ്റതും ഇരട്ട മോട്ടോറുകൾ ഉപയോഗിക്കുന്നതുമായ ഓൾ വീൽ ഡ്രൈവ് വേർഷൻ പിന്നീട് പുറത്തിറക്കും.  അഞ്ച് പവർ വേരിയന്റുകളിലും മൂന്നുവിധം ബാറ്ററി ശേഷികളിലും സ്കോഡ ഇനിയാക്ക് വിപണിയിലെത്തും.