Top Spec

The Top-Spec Automotive Web Portal in Malayalam

ഇന്ത്യയിൽ ആഗോള അരങ്ങേറ്റം നടത്തി കിയ സോണറ്റ്

അടുത്ത മാസം വിപണിയിൽ അവതരിപ്പിക്കും 

നാല് മീറ്ററിൽ താഴെ നീളം വരുന്ന സ്പോർട്ട് യൂട്ടിലിറ്റി വാഹനമാണ് കിയ സോണറ്റ്.

കിയ മോട്ടോഴ്സിന്റെ പുതിയ മോഡലായ സോണറ്റ് ഇന്ത്യയിൽ ആഗോള അരങ്ങേറ്റം നടത്തി. നാല് മീറ്ററിൽ താഴെ നീളം വരുന്ന സ്പോർട്ട് യൂട്ടിലിറ്റി വാഹനമാണ് കിയ സോണറ്റ്. സബ്കോംപാക്റ്റ് എസ് യുവി അടുത്ത മാസം ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. ഇന്ത്യയിൽ ദക്ഷിണ കൊറിയൻ കാർ നിർമാതാക്കളുടെ മൂന്നാമത്തെ മോഡലാണ് സോണറ്റ്. സെൽറ്റോസ് കോംപാക്റ്റ് എസ് യുവി, കാർണിവൽ എംപിവി എന്നിവയാണ് ആദ്യ രണ്ട് മോഡലുകൾ. ഇവയിൽ കാർണിവൽ പൂർണമായി നിർമിച്ചശേഷം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയാണെങ്കിൽ സെൽറ്റോസ്, സോണറ്റ് എന്നിവ ഇന്ത്യയിൽ നിർമിക്കുകയാണ്. എച്ച്ടി ലൈൻ, ജിടി ലൈൻ എന്നീ രണ്ട് വകഭേദങ്ങളിലായി മൂന്ന് എൻജിൻ ഓപ്ഷനുകളിൽ കിയ സോണറ്റ് ലഭിക്കും. ഏഴ് സിംഗിൾ ടോൺ നിറങ്ങളിലും മൂന്ന് ഡുവൽ ടോൺ നിറങ്ങളിലും കിയ സോണറ്റ് വിപണിയിലെത്തും. 

കിയ മോട്ടോഴ്സിന്റെ പ്രത്യേകതയായ ടൈഗർ നോസ് ഗ്രിൽ, എൽഇഡി ഹെഡ്ലാംപുകൾ, ഹെഡ്ലാംപുകളോട് ചേർന്ന് എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, പ്രൊജക്റ്റർ ഫോഗ് ലാംപുകൾ, എൽഇഡി ടെയ്ൽ ലൈറ്റുകൾ, മുന്നിലും പിന്നിലും സ്കിഡ് പ്ലേറ്റുകൾ, വെള്ളി നിറത്തിലുള്ള റൂഫ് റെയിലുകൾ, 16 ഇഞ്ച് വ്യാസമുള്ള ഡുവൽ ടോൺ അലോയ് വീലുകൾ, ടെയ്ൽ ലൈറ്റുകൾക്കിടയിൽ റിഫ്ലക്റ്റർ എന്നിവ കാറിന് പുറത്തെ സവിശേഷതകളാണ്.  

മുന്നിൽ വെന്റിലേറ്റഡ് സീറ്റുകൾ, 10.25 ഇഞ്ച് വലുപ്പമുള്ള എച്ച്ഡി ടച്ച്സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സിസ്റ്റം, ‘യുവോ’ കണക്റ്റിവിറ്റി, 4.2 ഇഞ്ച് എംഐഡി (മൾട്ടി ഇൻഫർമേഷൻ ഡിസ്പ്ലേ), ഏഴ് സ്പീക്കറുകൾ, സബ് വൂഫർ എന്നിവയോടുകൂടി ‘ബോസ്’ മ്യൂസിക് സിസ്റ്റം, എൽഇഡി സൗണ്ട് മൂഡ് ലാംപുകൾ, റിമോട്ട് എൻജിൻ സ്റ്റാർട്ട്, വയർലെസ് ചാർജർ എന്നിവ കാറിനകത്തെ വിശേഷങ്ങളാണ്.  

ഗ്ലോസ് ബ്ലാക്ക് നിറത്തിൽ റൂഫ് & പുറത്തെ റിയർ വ്യൂ കണ്ണാടികൾ, മുന്നിൽ ചുവന്ന ബ്രേക്ക് കാലിപറുകൾ, ചുവപ്പ് സാന്നിധ്യത്തോടെ ഗ്ലോസ് ബ്ലാക്ക് ഗ്രിൽ, ചുവപ്പോടുകൂടി പിയാനോ ബ്ലാക്ക് നിറത്തിലുള്ള റിയർ ഡിഫ്യൂസർ, സ്റ്റിയറിംഗ് വളയം, സീറ്റുകൾ, ഡോർ ആം റെസ്റ്റ് എന്നിവയിൽ ചുവന്ന തുന്നലുകൾ, ഫ്ലാറ്റ് ബോട്ടം സ്റ്റിയറിംഗ് വീൽ എന്നിവ ജിടി ലൈൻ വകഭേദത്തിന്റെ പ്രത്യേകതകളാണ്.   

1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.5 ലിറ്റർ ഡീസൽ, 1.0 ലിറ്റർ ടർബോ പെട്രോൾ എന്നിവയാണ് മൂന്ന് എൻജിൻ ഓപ്ഷനുകൾ. 1.2 ലിറ്റർ പെട്രോൾ എൻജിന്റെ ഗ്രാൻസ്മിഷൻ ഓപ്ഷൻ 5 സ്പീഡ് മാന്വൽ മാത്രമാണ്. 6 സ്പീഡ് മാന്വൽ, 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവയാണ് 1.5 ലിറ്റർ ഡീസൽ മോട്ടോറിന്റെ ഓപ്ഷനുകൾ. 1.0 ലിറ്റർ ടർബോ പെട്രോൾ എൻജിന്റെ ഓപ്ഷനുകൾ ഐഎംടി (ഇന്റലിജന്റ് മാന്വൽ ട്രാൻസ്മിഷൻ), 7 സ്പീഡ് ഡുവൽ ക്ലച്ച് ഓട്ടോമാറ്റിക് എന്നിവയാണ്.