Top Spec

The Top-Spec Automotive Web Portal in Malayalam

2020 ബിഎസ് 6 റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍

നിരവധി മാറ്റങ്ങളോടെയാണ് പുതിയ ഹിമാലയന്‍ വിപണിയിലെത്തിയത്

 ഭാരത് സ്റ്റേജ് 6 ബഹിര്‍ഗമന മാനദണ്ഡങ്ങള്‍ പാലിക്കുന്ന പുതിയ ഹിമാലയന്‍ കൂടുതല്‍ പരിസ്ഥിതി സൗഹൃദമാണ്. ഇപ്പോള്‍ മലിനീകരണം കുറയും. പെര്‍ഫോമന്‍സ് വര്‍ധിപ്പിക്കുന്നതിന് ഇസിയുവില്‍ (എന്‍ജിന്‍ കണ്‍ട്രോള്‍ യൂണിറ്റ്) ചില മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു.

ബിഎസ് 6 പാലിക്കുന്ന എന്‍ജിനും മറ്റ് നിരവധി മാറ്റങ്ങളുമായി 2020 മോഡല്‍ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ കഴിഞ്ഞ മാസമാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. ഭാരത് സ്റ്റേജ് 6 ബഹിര്‍ഗമന മാനദണ്ഡങ്ങള്‍ പാലിക്കുന്ന പുതിയ ഹിമാലയന്‍ കൂടുതല്‍ പരിസ്ഥിതി സൗഹൃദമാണ്. ഇപ്പോള്‍ മലിനീകരണം കുറയും. പെര്‍ഫോമന്‍സ് വര്‍ധിപ്പിക്കുന്നതിന് ഇസിയുവില്‍ (എന്‍ജിന്‍ കണ്‍ട്രോള്‍ യൂണിറ്റ്) ചില മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു. ബിഎസ് 6 പാലിക്കുന്ന 411 സിസി എന്‍ജിന്‍ 24.3 ബിഎച്ച്പി കരുത്തും 32 എന്‍എം ടോര്‍ക്കുമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. ടോര്‍ക്കില്‍ മാറ്റമില്ല. എന്നാല്‍ കരുത്ത് 0.2 ബിഎച്ച്പി കുറഞ്ഞു. ബിഎസ് 4 എന്‍ജിന്‍ 24.5 ബിഎച്ച്പിയാണ് പുറപ്പെടുവിച്ചിരുന്നത്.  

നിലവിലെ ഗ്രാവല്‍ ഗ്രേ, സ്ലീറ്റ് ഗ്രേ, ഗ്രാനൈറ്റ് ബ്ലാക്ക്, സ്‌നോ വൈറ്റ് എന്നീ നിറങ്ങള്‍ കൂടാതെ ലേക്ക് ബ്ലൂ, റോക്ക് റെഡ് എന്നീ രണ്ട് പുതിയ നിറങ്ങളിലും ഇപ്പോള്‍ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ ലഭിക്കും. ഇവയില്‍ റോക്ക് റെഡ് എന്ന പുതിയ നിറത്തിലുള്ള ഹിമാലയനാണ് ഞാന്‍ പരീക്ഷിച്ചത്. പുതിയ കളര്‍ സ്‌കീം റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന് കൂടുതല്‍ ആകര്‍ഷകത്വം നല്‍കുന്നു. കളര്‍ ഓപ്ഷനുകള്‍ക്ക് അനുസരിച്ചാണ് മോട്ടോര്‍സൈക്കിളിന്റെ വില വ്യത്യാസപ്പെട്ടിരിക്കുന്നത്. താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന ഡുവല്‍ സ്‌പോര്‍ട്ട് മോട്ടോര്‍സൈക്കിളാണ് ഹിമാലയന്‍. തികഞ്ഞ ടൂറിംഗ് മെഷീന്‍. മികച്ച എന്‍ഡ്യൂറോ ബൈക്കുകളിലൊന്ന്.

ഡുവല്‍ ചാനല്‍ എബിഎസ് (ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം) ലഭിച്ച മോട്ടോര്‍സൈക്കിളാണ് റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍. 2020 മോഡലിന്റെ പിന്‍ ചക്രത്തില്‍ ഇപ്പോള്‍ വേണമെങ്കില്‍ എബിഎസ് വിച്ഛേദിക്കാന്‍ കഴിയുമെന്നതാണ് ഏറ്റവും പ്രധാന പരിഷ്‌കാരം. സാഹസിക വീരന്‍മാരായ ഹിമാലയന്‍ ആരാധകര്‍ക്ക് ഇപ്പോള്‍ വളരെ സന്തോഷമായിക്കാണും. സ്വിച്ചബിള്‍ എബിഎസ് എന്ന ഫീച്ചറിനായി ഡാഷില്‍ പ്രത്യേക സ്വിച്ച് നല്‍കിയിരിക്കുന്നു. പിന്‍ ചക്രത്തില്‍ എബിഎസ് വിച്ഛേദിക്കുന്നതിന് ഡാഷിലെ എബിഎസ് സ്വിച്ച് കുറച്ചുനേരം അമര്‍ത്തിപ്പിടിക്കുകയാണ് വേണ്ടത്. ഇപ്പോള്‍ എബിഎസ് ഐക്കണ്‍ ബ്ലിങ്ക് ചെയ്യാന്‍ തുടങ്ങും. ഓഫ്-റോഡുകളിലെ മണ്ണിലും ചരലിലും പൂഴിയിലുമെല്ലാം മോട്ടോര്‍സൈക്കിള്‍ സ്ലൈഡ് ചെയ്യുന്നത് ഇതോടെ എളുപ്പമായി. പിന്‍ ചക്രം ലോക്ക് ചെയ്യപ്പെടും. ഡുവല്‍ ചാനല്‍ എബിഎസ് വീണ്ടും പ്രയോഗത്തില്‍ വരുത്തുന്നതിന് ഇഗ്നിഷന്‍ ഓഫ് ചെയ്തശേഷം ഓണ്‍ ചെയ്താല്‍ മതി.

പുതിയ സൈഡ് സ്റ്റാന്‍ഡ് കുറച്ചുകൂടി ചെരിഞ്ഞതാണ്. മോട്ടോര്‍സൈക്കിളില്‍ കയറുന്നതും ഇറങ്ങുന്നതും കുറേക്കൂടി എളുപ്പമാക്കും. പാനിയറും ലഗേജുമെല്ലാം താങ്ങുന്നതിന് കൂടുതല്‍ നിലവാരം പുലര്‍ത്തുന്നതും കൂടുതല്‍ ദൃഢവുമാണ് പുതിയ സൈഡ് സ്റ്റാന്‍ഡ്. മോട്ടോര്‍സൈക്കിളില്‍ പുതുതായി ഹസാര്‍ഡ് ലാംപ് സ്വിച്ച് നല്‍കി. വെളുത്ത ബാക്ക്‌ലൈറ്റ് നല്‍കി ഇന്‍സ്ട്രുമെന്റ് പാനല്‍ ഇപ്പോള്‍ പരിഷ്‌കരിച്ചു. ബാക്ക്‌ലൈറ്റ് ആകര്‍ഷകമാണെന്ന് മാത്രമല്ല, റീഡിംഗ് ആയാസരഹിതമാക്കുന്നു. ബ്രേക്കിംഗ് സംവിധാനം മെച്ചപ്പെടുത്തിയെന്നതാണ് പുതിയ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയനില്‍ എടുത്തുപറയേണ്ട മറ്റൊരു സംഗതി. സ്റ്റോപ്പിംഗ് ഡിസ്റ്റന്‍സ് ഇപ്പോള്‍ കുറഞ്ഞിരിക്കുന്നു. മുന്നിലെ ബ്രേക്ക് പ്രത്യേകിച്ച് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. പാനിക് ബ്രേക്കിംഗ് നടത്തുമ്പോഴും നിയന്ത്രിത രീതിയില്‍ മോട്ടോര്‍സൈക്കിള്‍ ചെന്നുനില്‍ക്കുന്നു.

ഇന്ത്യയിലും അന്താരാഷ്ട്ര വിപണികളിലും ഇതിനകം പ്രശംസ പിടിച്ചുപറ്റാന്‍ കഴിഞ്ഞ സവിശേഷ അഡ്വഞ്ചര്‍ ടൂററാണ് റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍. പുതിയ ഹിമാലയന്‍ മുമ്പത്തേക്കാള്‍ മികച്ച റൈഡിംഗ് അനുഭവമാണ് സമ്മാനിക്കുന്നത്. ഓവര്‍ടേക്കിംഗ് ശേഷി മികച്ചതാണ്. ത്രോട്ടില്‍ റെസ്‌പോണ്‍സ് ഉടനടിയാണെന്ന് പറയാം. ആക്‌സെലറേഷനുമായി വളരെ പൊരുത്തമുള്ളതായി അനുഭവപ്പെടും. ഇരിപ്പുസുഖത്തിന്റെ കാര്യത്തില്‍ സീറ്റ് അഭിനന്ദനം അര്‍ഹിക്കുന്നു. ഓഫ്-റോഡുകളിലേക്ക് കയറിയപ്പോഴാണ് റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ തന്റെ വിശ്വരൂപം പുറത്തെടുത്തത്. മുന്നില്‍ 200 എംഎം ട്രാവല്‍ ചെയ്യുന്ന 41 എംഎം ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ 180 എംഎം ട്രാവല്‍ ചെയ്യുന്ന മോണോഷോക്കും സസ്‌പെന്‍ഷന്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നു. മുന്നില്‍ 21 ഇഞ്ച് വ്യാസമുള്ള ചക്രവും പിന്നില്‍ 17 ഇഞ്ച് വ്യാസമുള്ള ചക്രവും മുന്നില്‍ കാണുന്നതെല്ലാം കീഴടക്കാന്‍ സഹായിക്കും. ടൂറിംഗ്, അഡ്വഞ്ചര്‍ ആവശ്യങ്ങള്‍ക്ക് ഉപകരിക്കുന്ന, ഏത് ഭൂപ്രദേശങ്ങളും താണ്ടുന്ന ഒന്നാന്തരം ചങ്ങാതിയാണ് റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍.