ഉത്സവ സീസണ്‍ പ്രമാണിച്ച് എസ്‌യുവിയുടെ ലുക്ക് വര്‍ധിപ്പിക്കുന്നതിന് രൂപകല്‍പ്പന ചെയ്ത സ്‌റ്റൈലിംഗ് പാക്കേജ്
31,999 രൂപ അധികം നല്‍കിയാല്‍ എയ്റോ എഡിഷന്‍ സ്വന്തമാക്കാം
ബെംഗളൂരു: ഉത്സവ സീസണ്‍ പ്രമാണിച്ച് അര്‍ബന്‍ ക്രൂസര്‍ ഹൈറൈഡറിന്റെ എയ്റോ എഡിഷന്‍ ടൊയോട്ട അവതരിപ്പിച്ചു. കാറിന്റെ ലുക്ക് വര്‍ധിപ്പിക്കുന്നതിന് രൂപകല്‍പ്പന ചെയ്ത സ്‌റ്റൈലിംഗ് പാക്കേജാണ് ഈ പ്രത്യേക പതിപ്പ്. മുന്നിലും പിന്നിലും സ്പോയ്‌ലര്‍, സൈഡ് സ്‌കര്‍ട്ടുകള്‍ എന്നിവ എയ്റോ എഡിഷനില്‍ ലഭിച്ചിരിക്കുന്നു. 10.94 ലക്ഷം രൂപ മുതലാണ് അര്‍ബന്‍ ക്രൂസര്‍ ഹൈറൈഡറിന്റെ എക്‌സ് ഷോറൂം വില. 31,999 രൂപ അധികം നല്‍കിയാല്‍ എയ്റോ എഡിഷന്‍ സ്വന്തമാക്കാം. വെളുപ്പ്, വെള്ളി, കറുപ്പ്, ചുവപ്പ് എന്നീ നാല് നിറങ്ങളില്‍ എസ്‌യുവി ലഭ്യമാണ്.

ഇരട്ട എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളോടെ ക്രിസ്റ്റല്‍ അക്രിലിക് ഗ്രില്‍ ഹൈറൈഡറിന്റെ മുന്‍വശം അലങ്കരിക്കുന്നു. 17 ഇഞ്ച് അലോയ് വീലുകളിലാണ് ഓടുന്നത്. അകത്ത്, വെന്റിലേറ്റഡ് ലെതര്‍ സീറ്റുകള്‍, റിക്ലൈനിംഗ് റിയര്‍ സീറ്റുകള്‍ എന്നിവ ലഭിച്ചു. പനോരമിക് സണ്‍റൂഫ്, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്റ്റിവിറ്റി സഹിതം 9 ഇഞ്ച് ടച്ച്സ്‌ക്രീന്‍, വയര്‍ലെസ് ചാര്‍ജര്‍, ആംബിയന്റ് ലൈറ്റിംഗ്, 360 ഡിഗ്രി ക്യാമറ എന്നിവയും നല്‍കി.
രണ്ട് പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ ഹൈറൈഡര്‍ ലഭ്യമാണ്. 103 ബിഎച്ച്പി കരുത്തും 137 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ മൈല്‍ഡ് ഹൈബ്രിഡ് പെട്രോള്‍ എന്‍ജിനാണ് ആദ്യത്തേത്. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ഈ എന്‍ജിന്റെ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. 1.5 ലിറ്റര്‍ സ്‌ട്രോംഗ് ഹൈബ്രിഡ് എന്‍ജിനുമായി ഇ-സിവിടി ഘടിപ്പിച്ചിരിക്കുന്നു.
