അവന്‍ വരുന്നു!! ഈ റിപ്പബ്ലിക് ദിനത്തില്‍

2026 ജനുവരി 26 ന് ഇന്ത്യയില്‍ പുതിയ റെനോ ഡസ്റ്റര്‍ അവതരിപ്പിക്കും

ഇന്ത്യയില്‍ കോംപാക്റ്റ് എസ്‌യുവി സെഗ്‌മെന്റിന് നേതൃത്വം നല്‍കിയ റെനോ ഡസ്റ്റര്‍, 2022 ല്‍ ഉല്‍പ്പാദനം നിര്‍ത്തിയ ശേഷം നാലാം തലമുറയില്‍ എത്തിനില്‍ക്കുമ്പോഴാണ് തിരിച്ചെത്തുന്നത്

തുര്‍ക്കി, ദക്ഷിണാഫ്രിക്ക തുടങ്ങിയ വിപണികളില്‍ പുതു തലമുറ ഡസ്റ്റര്‍ വില്‍പ്പനയിലുണ്ട്

ഇന്ത്യാ സ്‌പെക് ഡസ്റ്ററിന്റെ പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ ഇപ്പോള്‍ വ്യക്തമല്ല

ന്യൂഡല്‍ഹി: 2026 ജനുവരി 26 ന് ഇന്ത്യയില്‍ പുതിയ ഡസ്റ്റര്‍ അവതരിപ്പിക്കുമെന്ന് റെനോ ഇന്ത്യ അറിയിച്ചു. കടുത്ത മത്സരം അരങ്ങേറുന്ന കോംപാക്റ്റ് എസ്‌യുവി സെഗ്‌മെന്റിന് തുടക്കമിട്ട ഈ ഐതിഹാസിക നെയിംപ്ലേറ്റ്, 2022 ല്‍ ഉല്‍പ്പാദനം നിര്‍ത്തിയ ശേഷം നാലാം തലമുറയില്‍ എത്തിനില്‍ക്കുമ്പോഴാണ് തിരിച്ചെത്തുന്നത്. പുതിയ ഡസ്റ്റര്‍ മുമ്പത്തേക്കാള്‍ ആധുനികവും ഫീച്ചറുകളാല്‍ സമ്പന്നവുമായിരിക്കും.

തുര്‍ക്കി, ദക്ഷിണാഫ്രിക്ക തുടങ്ങിയ ചില അന്താരാഷ്ട്ര വിപണികളില്‍ പുതു തലമുറ റെനോ ഡസ്റ്റര്‍ ഇതിനകം വില്‍പ്പനയിലുണ്ട്. ചില വിപണികളില്‍ ഡാസിയ ബ്രാന്‍ഡിന് കീഴിലാണ് വില്‍പ്പന. നിസാന്‍ ടെക്‌റ്റോണ്‍ എന്ന നിസാന്‍ സഹോദരന്റെ അതേ പ്ലാറ്റ്‌ഫോമിലാണ് ഡസ്റ്റര്‍ നിര്‍മിക്കുന്നത്.

ഡസ്റ്റര്‍ ഇപ്പോഴും അതിന്റെ ഐക്കോണിക് ബുച്ച്, ബോക്‌സി ഛായാരൂപം നിലനിര്‍ത്തുന്നു. പക്ഷേ ഇപ്പോള്‍ നിരവധി ആധുനിക ഡിസൈന്‍ ടച്ചുകള്‍ ലഭിച്ചിട്ടുണ്ട്. മുന്നില്‍ ‘RENAULT’ എന്ന് എഴുതിയ ബോള്‍ഡ് ലുക്കിംഗ് ഗ്രില്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയും. Y ആകൃതിയില്‍ ഡേടൈം റണ്ണിംഗ് ലൈറ്റുകളോടെ എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍ നല്‍കി. വലിയ സില്‍വര്‍ സ്‌കിഡ് പ്ലേറ്റും വൃത്താകൃതിയുള്ള ഫോഗ് ലാംപുകളും കാരണം ബംപറുകള്‍ തടിച്ചതായി കാണാം.

വലിയ വീല്‍ ആര്‍ച്ചുകള്‍, കട്ടിയുള്ള ബോഡി ക്ലാഡിംഗ്, ചക്രങ്ങള്‍ക്ക് മുകളില്‍ ഫ്‌ളെയേര്‍ഡ് ഹോഞ്ചുകള്‍ എന്നിവ ഡസ്റ്ററിന്റെ പ്രൊഫൈല്‍ വിശേഷങ്ങളാണ്. റിയര്‍ ഡോര്‍ ഹാന്‍ഡിലുകള്‍ സി പില്ലറിലാണ് സ്ഥാപിച്ചിരിക്കുന്നത്. 18 ഇഞ്ച് അലോയ് വീലുകളില്‍ ഓടും. എല്‍ഇഡി ടെയില്‍ ലാംപുകള്‍, തടിച്ച സില്‍വര്‍ സ്‌കിഡ് പ്ലേറ്റ് എന്നിവയും ലഭിച്ചു.

അകത്തേക്ക് കടക്കുമ്പോള്‍, ആധുനികമായ ഡാഷ്ബോര്‍ഡ് ഡിസൈന്‍ നിങ്ങളെ സ്വാഗതം ചെയ്യും. ഫ്‌ളോട്ടിംഗ് ടച്ച്സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ തുടങ്ങി ഒരു ആധുനിക കാറില്‍ കാണുന്ന എല്ലാ ഡിസൈന്‍ ഘടകങ്ങളും ലഭ്യമായിരിക്കും. ക്ലൈമറ്റ് കണ്‍ട്രോളിനായി ഫിസിക്കല്‍ കണ്‍ട്രോളുകള്‍ കാണാം.

ഫീച്ചറുകള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന സെഗ്‌മെന്റിലേക്കാണ് ഡസ്റ്റര്‍ തിരിച്ചെത്തുന്നത്. 10.1 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, 7 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, കീലെസ് എന്‍ട്രി, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട് തുടങ്ങി ഈ സെഗ്‌മെന്റിലെ അടിസ്ഥാനകാര്യങ്ങള്‍ റെനോ ഡസ്റ്ററില്‍ ക്രമീകരിച്ചു. പവേര്‍ഡ് ഡ്രൈവര്‍ സീറ്റ്, പനോരമിക് സണ്‍റൂഫ്, ബ്രാന്‍ഡഡ് സൗണ്ട് സിസ്റ്റം, ആംബിയന്റ് ലൈറ്റിംഗ് എന്നിവ ഇന്ത്യാ സ്‌പെക് ഡസ്റ്ററില്‍ ഉള്‍പ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

സുരക്ഷയുടെ കാര്യത്തില്‍, എയര്‍ബാഗുകള്‍, ഇബിഡി സഹിതം എബിഎസ്, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, മുന്നിലും പിന്നിലും പാര്‍ക്കിംഗ് സെന്‍സറുകള്‍, 360 ഡിഗ്രി ക്യാമറ, ലെവല്‍ 2 അഡാസ് എന്നിവ ഉണ്ടായിരിക്കും. ഇന്ത്യാ സ്‌പെക് ഡസ്റ്ററിന്റെ പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ ഇപ്പോള്‍ വ്യക്തമല്ല. എന്നാല്‍ അന്താരാഷ്ട്ര മോഡലില്‍ മൂന്ന് ഓപ്ഷനുകള്‍ ലഭ്യമാണ്.

ഏകദേശം 10 ലക്ഷം രൂപയില്‍ (എക്‌സ് ഷോറൂം) വില ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹ്യുണ്ടായ് ക്രെറ്റ, കിയ സെല്‍റ്റോസ്, മാരുതി ഗ്രാന്‍ഡ് വിറ്റാര, മാരുതി വിക്ടോറിസ്, ഫോക്‌സ്‌വാഗണ്‍ ടൈഗുണ്‍, സ്‌കോഡ കുശാഖ്, ഹോണ്ട എലവേറ്റ് എന്നിവയായിരിക്കും തിരിച്ചെത്തുമ്പോള്‍ റെനോ ഡസ്റ്ററിന്റെ എതിരാളികള്‍.