ഡീലര്‍ഷിപ്പുകളിലോ ഓണ്‍ലൈനായോ 25,000 രൂപ നല്‍കി കോംപാക്റ്റ് എസ്‌യുവി ബുക്ക് ചെയ്യാം. നവംബര്‍ 4 ന് വില പ്രഖ്യാപിക്കും
വിപണി വിടുന്ന മോഡലിനേക്കാള്‍ 48 എംഎം ഉയരവും 30 എംഎം വീതിയും കൂടുതലാണ്
വെന്യുവിന്റെ വേരിയന്റുകള്‍ക്കായി ഹ്യുണ്ടായ് പുതിയ നാമകരണ രീതി സ്വീകരിച്ചു
പെട്രോള്‍, ടര്‍ബോ പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളില്‍ ലഭ്യമായിരിക്കും
ഗുരുഗ്രാം: പുതു തലമുറ ഹ്യുണ്ടായ് വെന്യു അനാവരണം ചെയ്തു. ഹ്യുണ്ടായ് ഡീലര്‍ഷിപ്പുകളിലോ ഓണ്‍ലൈനായോ 25,000 രൂപ നല്‍കി കോംപാക്റ്റ് എസ്‌യുവി ബുക്ക് ചെയ്യാം. നവംബര്‍ 4 ന് വില പ്രഖ്യാപിക്കും. ആറ് മോണോടോണ്‍ ഷേഡുകളിലും രണ്ട് ഡുവല്‍ ടോണ്‍ കളര്‍ ഓപ്ഷനുകളിലും പുതിയ വെന്യു ലഭ്യമാകും.
പുതിയ ഹ്യുണ്ടായ് വെന്യുവിന്റെ അഴകളവുകള്‍ പരിശോധിച്ചാല്‍, 3,995 മില്ലീമീറ്റര്‍ നീളവും 1,800 മില്ലീമീറ്റര്‍ വീതിയും 1,665 മില്ലീമീറ്റര്‍ ഉയരവും 2,520 മില്ലീമീറ്റര്‍ വീല്‍ബേസുമാണ് അളവുകള്‍. അതായത്, വിപണി വിടുന്ന മോഡലിനേക്കാള്‍ 48 മില്ലീമീറ്റര്‍ ഉയരവും 30 മില്ലീമീറ്റര്‍ വീതിയും കൂടുതല്‍.

ബ്രാന്‍ഡ് ന്യൂ ഡിസൈനിലാണ് പുതു തലമുറ വെന്യു വരുന്നത്. ചതുരാകൃതിയുള്ള ഗ്രില്‍ സഹിതം ബോള്‍ഡ് ലുക്കിംഗ് മുന്‍വശം ലഭിച്ചു. സി ആകൃതിയുള്ള എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളോടെ ക്വാഡ്-ബീം എല്‍ഇഡി ഹെഡ്‌ലാംപുകള്‍, എല്‍ഇഡി ലൈറ്റ് ബാര്‍ എന്നിവ കാണാം. മുന്നിലെ ബംപര്‍ പുനര്‍രൂപകല്‍പ്പന ചെയ്തു. ഇപ്പോള്‍ കറുത്ത ഇന്‍സേര്‍ട്ടുകളോടെ കൃത്രിമ സില്‍വര്‍ സ്‌കിഡ് പ്ലേറ്റ് നല്‍കി. പിറകില്‍ എല്‍ഇഡി ലൈറ്റ്ബാറുമായി ബന്ധിപ്പിച്ച സ്ലിം എല്‍ഇഡി ടെയില്‍ലൈറ്റുകള്‍ ലഭിച്ചു. 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളില്‍ പുതിയ ഹ്യുണ്ടായ് വെന്യു സഞ്ചരിക്കും.
ഡാര്‍ക്ക് നേവി, ഡോവ് ഗ്രേ ഷേഡുകളില്‍ ഡുവല്‍ ടോണ്‍ ഇന്റീരിയര്‍ ലഭിച്ചതാണ് പുതിയ വെന്യുവിന്റെ അകത്തെ പ്രത്യേകത. ഫ്‌ളാറ്റ് ബോട്ടം സ്റ്റിയറിംഗ് വീല്‍, കോഫി ടേബിള്‍ സെന്റര്‍ കണ്‍സോള്‍, ആംബിയന്റ് ലൈറ്റ് എന്നിവ നല്‍കി. പനോരമിക് ഡിസ്‌പ്ലേയ്ക്കുള്ളില്‍ സ്ഥാപിച്ച 12.3 ഇഞ്ച് വലുപ്പമുള്ള ഇരട്ട സ്‌ക്രീനുകള്‍ പുതിയ ഹ്യുണ്ടായ് വെന്യുവിന്റെ മറ്റൊരു സവിശേഷതയാണ്. 2 സ്റ്റെപ്പ് റിക്ലൈനിംഗ് സീറ്റുകള്‍, റിയര്‍ വിന്‍ഡോ ഷേഡുകള്‍, റിയര്‍ എസി വെന്റുകള്‍ എന്നിവ മറ്റ് ഫീച്ചറുകളില്‍ ഉള്‍പ്പെടും.
1.2 ലിറ്റര്‍ പെട്രോള്‍, 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്നീ മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളില്‍ വെന്യു ലഭ്യമാണ്. മാനുവല്‍, ഓട്ടോമാറ്റിക്, ഡുവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്‍ എന്നിവ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളാണ്. വെന്യുവിന്റെ വേരിയന്റുകള്‍ക്കായി ഹ്യുണ്ടായ് പുതിയ നാമകരണ രീതി സ്വീകരിച്ചു. HX 2, HX 4, HX 5, HX 6, HX 6T, HX 8, HX 10 എന്നീ വേരിയന്റുകളില്‍ പെട്രോള്‍ വേര്‍ഷനും HX 2, HX 5, HX 7, HX 10 എന്നീ വേരിയന്റുകളില്‍ ഡീസല്‍ വേര്‍ഷനും ലഭ്യമായിരിക്കും.
