ഒരു ബാറ്റില്‍ തന്റെ ഓട്ടോഗ്രാഫ് നല്‍കിയാണ് എംജിയുടെ ഡീലര്‍ഷിപ്പ് ജീവനക്കാരെ യാത്രയാക്കിയത്
നിലവില്‍ ഇന്ത്യയിലെ ആഡംബര പ്രീമിയം എംപിവികളിലൊന്നാണ് എംജി എം9
രണ്ടാം നിരയില്‍ ക്യാപ്റ്റന്‍ സീറ്റുകള്‍ സജ്ജീകരിച്ചതാണ് പ്രധാന സവിശേഷത
സിംഗിള്‍ ചാര്‍ജില്‍ 548 കിലോമീറ്റര്‍ സഞ്ചരിക്കാം
ഗുരുഗ്രാം: പുതിയ എംജി എം9 ഇലക്ട്രിക് എംപിവി സ്വന്തം ഗ്യാരേജിലെത്തിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം കെഎല്‍ രാഹുല്‍. തന്റെ വസതിയില്‍ അദ്ദേഹം ഈ ആഡംബര എംപിവിയുടെ ഡെലിവറി സ്വീകരിച്ചു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ്, മുതിര്‍ന്ന ബോളിവുഡ് നടി ഹേമ മാലിനിയും എംജി എം9 സ്വന്തമാക്കിയിരുന്നു.
ഇലക്ട്രിക് എംപിവിയുടെ കൂടെ നില്‍ക്കുന്ന ചിത്രങ്ങള്‍ കെഎല്‍ രാഹുല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചു. ഒരു ബാറ്റില്‍ തന്റെ ഓട്ടോഗ്രാഫ് നല്‍കിയാണ് അദ്ദേഹം എംജിയുടെ ഡീലര്‍ഷിപ്പ് ജീവനക്കാരെ യാത്രയാക്കിയത്.

നിലവില്‍ ഇന്ത്യയിലെ ആഡംബര പ്രീമിയം എംപിവികളിലൊന്നാണ് എംജി എം9. പ്രസിഡന്‍ഷ്യല്‍ ലിമോ എന്ന ഒറ്റ വേരിയന്റില്‍ മാത്രമാണ് വില്‍പ്പന. 69.90 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. രൂപകല്‍പ്പനയുടെ കാര്യത്തില്‍, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, പ്രൊജക്ടര്‍ എല്‍ഇഡി ഹെഡ്‌ലാംപുകള്‍, മസ്‌കുലര്‍ ബംപര്‍, തടിച്ച വീല്‍ ആര്‍ച്ചുകള്‍, കണക്റ്റഡ് ലൈറ്റ് ബാറുകളോടെ എല്‍ഇഡി ടെയില്‍ ലാംപുകള്‍ എന്നിവ നല്‍കിയിരിക്കുന്നു.
രണ്ടാം നിരയില്‍ ക്യാപ്റ്റന്‍ സീറ്റുകള്‍ സജ്ജീകരിച്ചതാണ് എംജി എം9 എംപിവിയുടെ പ്രധാന സവിശേഷത. ആഡംബരത്വം വര്‍ധിപ്പിക്കുന്നതിന് കൊന്യാക്ക്, ബ്ലാക്ക് എന്നിവ ഉള്‍പ്പെടുന്ന ഇന്റീരിയര്‍ കളര്‍ സ്‌കീം നല്‍കി. ബ്രഷ്ഡ് അലുമിനിയം, കൃത്രിമ വുഡ് തുടങ്ങിയ ആക്‌സന്റുകളും ലഭിച്ചു.
ക്യാപ്റ്റന്‍ സീറ്റുകള്‍ 16 വിധത്തില്‍ ഇലക്ട്രിക്കലായി ക്രമീകരിക്കാന്‍ കഴിയും. ഹീറ്റിംഗ്, വെന്റിലേഷന്‍, മസാജ് ഫംഗ്ഷനുകളും ലഭ്യമാണ്. പൂര്‍ണമായി റിക്ലൈന്‍ ചെയ്യാം. 12 സ്പീക്കറുകള്‍ സഹിതം ജെബിഎല്‍ സൗണ്ട് സിസ്റ്റം, പിന്‍ നിര യാത്രക്കാര്‍ക്കായി പ്രത്യേക ഇന്‍ഫൊടെയ്ന്‍മെന്റ് സ്‌ക്രീനുകള്‍, സ്പ്ലിറ്റ് സണ്‍റൂഫ്, മള്‍ട്ടി ഫംഗ്ഷന്‍ സ്റ്റിയറിംഗ് വളയം തുടങ്ങി നിരവധി ഫീച്ചറുകള്‍ ഇലക്ട്രിക് എംപിവിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
കൂടാതെ, പൂര്‍ണ ഡിജിറ്റലായ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 12.23 ഇഞ്ച് വലുപ്പമുള്ള ഇന്‍ഫൊടെയ്ന്‍മെന്റ് ടച്ച്സ്‌ക്രീന്‍, വയര്‍ലെസ് സ്മാര്‍ട്ട്ഫോണ്‍ ചാര്‍ജര്‍, 360 ഡിഗ്രി ക്യാമറ, 3 സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, സീറ്റുകള്‍ക്ക് മെമ്മറി ഫംഗ്ഷന്‍, ലെവല്‍ 2 അഡാസ്, കണക്റ്റഡ് കാര്‍ സാങ്കേതികവിദ്യ എന്നിവയും സവിശേഷതകളാണ്.
241 ബിഎച്ച്പി കരുത്തും 350 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറാണ് എംജി എം9 ഉപയോഗിക്കുന്നത്. 90 കിലോവാട്ട്ഔര്‍ ബാറ്ററി പായ്ക്ക് പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 548 കിലോമീറ്റര്‍ സഞ്ചരിക്കാം. വെഹിക്കിള്‍-ടു-ലോഡ് (V2L), വെഹിക്കിള്‍-ടു-വെഹിക്കിള്‍ (V2V) എന്നീ ഫംഗ്ഷനുകളും സവിശേഷതയാണ്.
