എല്ലാ എംജി കാറുകളിലും ഇനി പിഎം 2.5 എയര്‍ ഫില്‍റ്ററുകള്‍

പൊടി, പുക, കരി, ബാക്ടീരിയ തുടങ്ങിയ സൂക്ഷ്മ കണികകളുടെ 95 മുതല്‍ 99 ശതമാനം വരെ ഫില്‍റ്ററുകള്‍ അരിച്ചെടുക്കും

ഉത്സവ സീസണില്‍ പടക്കങ്ങള്‍ പൊട്ടിക്കുന്നതും വിളവെടുപ്പ് കഴിയുമ്പോള്‍ വൈക്കോല്‍ കത്തിക്കുന്നതും മറ്റും കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനമെടുത്തത്

എംജി ഹെക്ടറില്‍ ഇന്‍ബില്‍റ്റായി വായുനിലവാര സൂചിക ഡിസ്‌പ്ലേ ചെയ്യുന്ന പിഎം 2.5 എയര്‍ പ്യൂരിഫയര്‍ നിലവിലുണ്ട്

ഗുരുഗ്രാം: തങ്ങളുടെ എല്ലാ വാഹനങ്ങളിലും പിഎം 2.5 എയര്‍ ഫില്‍റ്ററുകള്‍ അഥവാ പ്യൂരിഫയറുകള്‍ സ്ഥാപിച്ചതായി ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ അറിയിച്ചു. ഇതുവഴി ക്യാബിനകത്തെ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. ഉത്സവ സീസണില്‍ പടക്കങ്ങള്‍ പൊട്ടിക്കുന്നതും വിളവെടുപ്പ് കഴിയുമ്പോള്‍ വൈക്കോല്‍ കത്തിക്കുന്നതും മറ്റും കണക്കിലെടുത്താണ് എംജി ഇത്തരമൊരു തീരുമാനമെടുത്തത്. ഔദ്യോഗിക പത്രക്കുറിപ്പ് അനുസരിച്ച്, ആസ്റ്റര്‍, ഗ്ലോസ്റ്റര്‍, വിന്‍ഡ്സര്‍, കോമറ്റ്, ഇസഡ്എസ് ഇവി എന്നിവയുള്‍പ്പെടെ എല്ലാ എംജി മോഡലുകളിലും എയര്‍ ഫില്‍റ്ററുകള്‍ സജ്ജീകരിച്ചു.

2.5 മൈക്രോണില്‍ താഴെയുള്ള കണികകള്‍ ശ്വസിക്കുമ്പോള്‍ അവ ശ്വാസകോശത്തില്‍ പ്രവേശിക്കും. പൊടി, പുക, കരി, ബാക്ടീരിയ തുടങ്ങിയ സൂക്ഷ്മ കണികകളുടെ 95 മുതല്‍ 99 ശതമാനം വരെ അരിച്ചെടുക്കുന്നതിനാണ് എംജിയുടെ പിഎം 2.5 എയര്‍ ഫില്‍റ്ററുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

എംജി ഹെക്ടറില്‍ ഇന്‍ബില്‍റ്റായി വായുനിലവാര സൂചിക ഡിസ്‌പ്ലേ ചെയ്യുന്ന പിഎം 2.5 എയര്‍ പ്യൂരിഫയര്‍ നിലവിലുണ്ടെന്ന് കമ്പനി വ്യക്തമാക്കി. അന്തരീക്ഷ മാലിന്യങ്ങള്‍, അലര്‍ജന്‍, ദുര്‍ഗന്ധം എന്നിവ നീക്കം ചെയ്യുന്നതിന് എംജി ഹെക്ടറിലെ എയര്‍ പ്യൂരിഫയര്‍ ഒരു ആക്റ്റിവേറ്റഡ് കാര്‍ബണ്‍ ഫില്‍റ്ററാണ് ഉപയോഗിക്കുന്നത്.