35 ദശലക്ഷം വില്‍പ്പന താണ്ടി ഹോണ്ട ആക്റ്റിവ

2001 ലാണ് ഇന്ത്യയില്‍ ആദ്യമായി ഹോണ്ട ആക്റ്റിവ അവതരിപ്പിച്ചത്

ആക്റ്റിവ 110, ആക്റ്റിവ 125, ആക്റ്റിവ-ഐ എന്നീ മൂന്ന് മോഡലുകളും കൂടി ഇതുവരെയായി ആകെ 35 ദശലക്ഷം യൂണിറ്റ് വില്‍പ്പന നേടി

വ്യവസായത്തിലെ പ്രവണതകള്‍ക്കും ഉപയോക്താക്കളുടെ പ്രതീക്ഷകള്‍ക്കും അനുസൃതമായി ആക്റ്റിവയില്‍ കൃത്യമായ ഇടവേളകളില്‍ പരിഷ്‌കാരങ്ങള്‍ വരുത്തി

ഈ വര്‍ഷം ജനുവരിയില്‍ ഇലക്ട്രിക് ഹോണ്ട ആക്റ്റിവ അവതരിപ്പിച്ചിരുന്നു

ഗുരുഗ്രാം: 2001 ല്‍ ഇന്ത്യയില്‍ അവതരിപ്പിച്ച ഹോണ്ട ആക്റ്റിവ പുതുതായി മറ്റൊരു നാഴികക്കല്ല് താണ്ടിയിരിക്കുന്നു. ആക്റ്റിവ 110, ആക്റ്റിവ 125, ആക്റ്റിവ-ഐ എന്നീ മൂന്ന് മോഡലുകളും കൂടി ഇതുവരെയായി ആകെ 35 ദശലക്ഷം അഥവാ 3.5 കോടി യൂണിറ്റ് വില്‍പ്പന താണ്ടിയതാണ് ഏറ്റവും പുതിയ റെക്കോഡ്. ഇതോടെ ഇന്ത്യയില്‍ എല്ലാകാലത്തുമായി ഏറ്റവും വില്‍പ്പനയുള്ള സ്‌കൂട്ടര്‍ എന്ന ഖ്യാതിയാണ് ഹോണ്ട ആക്റ്റിവ കരസ്ഥമാക്കുന്നത്. വിശ്വാസ്യത, ഇന്ധനക്ഷമത, പ്രായോഗികത തുടങ്ങി നിരവധി ഘടകങ്ങള്‍ ഹോണ്ട ആക്റ്റിവയെ ഈ നാഴികക്കല്ല് താണ്ടുന്നതിന് സഹായിച്ചു.

ആദ്യത്തെ 10 ദശലക്ഷം വില്‍പ്പന താണ്ടാന്‍ ഹോണ്ട ആക്റ്റിവ ഏകദേശം 14 വര്‍ഷമാണ് എടുത്തത്. 2015 ലാണ് ഈ നാഴികക്കല്ല് പിന്നിട്ടത്. അടുത്ത 10 ദശലക്ഷം വില്‍പ്പന വെറും മൂന്ന് വര്‍ഷത്തിനുള്ളില്‍ കൈവരിച്ചു. 2018 ല്‍ ആയിരുന്നു ഈ നേട്ടം. ഇപ്പോള്‍, 2025 ല്‍ വില്‍പ്പന 35 ദശലക്ഷം മറികടന്നു. ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന ഹോണ്ടയുടെ ഇരുചക്ര വാഹനമായി ആക്റ്റിവ തുടരുന്നു. ബ്രാന്‍ഡിന്റെ മൊത്തം വില്‍പ്പനയില്‍ 50 ശതമാനത്തിലധികമാണ് ആക്റ്റിവ സംഭാവന ചെയ്യുന്നത്.

അര്‍ബന്‍ മൊബിലിറ്റിയില്‍ വിപ്ലവം സൃഷ്ടിച്ചതോടെ ഹോണ്ട ആക്റ്റിവ ജനപ്രിയമായി മാറുകയായിരുന്നു. ആക്റ്റിവയെ ബെസ്റ്റ് സെല്ലറാക്കിയ മറ്റ് നിരവധി ഘടകങ്ങളുണ്ട്. വ്യവസായത്തിലെ പ്രവണതകള്‍ക്കും ഉപയോക്താക്കളുടെ പ്രതീക്ഷകള്‍ക്കും അനുസൃതമായി, ആക്റ്റിവയില്‍ കൃത്യമായ ഇടവേളകളില്‍ പരിഷ്‌കാരങ്ങള്‍ വരുത്താന്‍ കമ്പനിക്ക് സാധിച്ചു. കോമ്പി ബ്രേക്ക് സിസ്റ്റം, ഹോണ്ട ഇക്കോ ടെക്‌നോളജി (HET), എല്‍ഇഡി ഹെഡ്‌ലാമ്പ്, ഡിജിറ്റല്‍ കണ്‍സോള്‍, ഫ്യൂവല്‍ ഇന്‍ജക്ഷന്‍ (PGM-Fi), eSP, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, H-സ്മാര്‍ട്ട് സാങ്കേതികവിദ്യയുള്ള സ്മാര്‍ട്ട് കീ, ടിഎഫ്ടി സ്‌ക്രീന്‍, യുഎസ്ബി ടൈപ്പ്-സി ചാര്‍ജിംഗ് പോര്‍ട്ട്, ഹോണ്ട റോഡ് സിങ്ക് കണക്റ്റിവിറ്റി സ്യൂട്ട് എന്നിവ ഇതിനിടയില്‍ അവതരിപ്പിച്ച ചില പ്രധാന അപ്ഡേറ്റുകളില്‍ ഉള്‍പ്പെടുന്നു.

ഈ വര്‍ഷം ജനുവരിയില്‍ ഇലക്ട്രിക് ഹോണ്ട ആക്റ്റിവ അവതരിപ്പിച്ചിരുന്നു. നൂതനമായ ഇ-സ്വാപ്പ് സാങ്കേതികവിദ്യയുടെ പിന്തുണയോടെയാണ് ആക്റ്റിവ ഇ: വിപണിയിലെത്തിയത്. ഇതോടെ ബാറ്ററി റീചാര്‍ജ് ചെയ്യുന്നതിന് കാത്തിരിക്കേണ്ട ആവശ്യം ഇല്ലാതാകുന്നു. ഉപയോക്താക്കള്‍ക്ക് ഒരു മിനിറ്റിനുള്ളില്‍, ചാര്‍ജ് കഴിഞ്ഞ ബാറ്ററി മാറ്റി പൂര്‍ണമായും ചാര്‍ജ് ചെയ്ത ബാറ്ററി ഉപയോഗിച്ച് യാത്ര ചെയ്യാന്‍ കഴിയും. നിലവില്‍ ഡല്‍ഹി, ഹരിയാന, കര്‍ണാടക, മഹാരാഷ്ട്ര തുടങ്ങിയ സ്ഥലങ്ങളിലാണ് ഇലക്ട്രിക് ആക്റ്റിവ വില്‍ക്കുന്നത്.

ഐപി65 റേറ്റിംഗ് സഹിതം രണ്ട് 1.55 kWh ലിഥിയം അയണ്‍ ബാറ്ററി പായ്ക്കുകളിലാണ് ഹോണ്ട ആക്ടിവ ഇ: വരുന്നത്. 6 കിലോവാട്ട് ഇലക്ട്രിക് മോട്ടോര്‍ ഉപയോഗിക്കുന്നു. 8.16 പിഎസ് കരുത്തേകും. പൂര്‍ണമായും ചാര്‍ജ് ചെയ്ത ബാറ്ററി ഉപയോഗിച്ച് 102 കിലോമീറ്റര്‍ സഞ്ചരിക്കാം. മണിക്കൂറില്‍ 80 കിലോമീറ്ററാണ് പരമാവധി വേഗത. 0 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗത 7.3 സെക്കന്‍ഡിനുള്ളില്‍ കൈവരിക്കാന്‍ കഴിയും. അതേസമയം, 109.51 സിസി എന്‍ജിനാണ് ആക്റ്റിവ 110 സ്‌കൂട്ടറിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 8 പിഎസ് കരുത്തും 9.05 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ആക്റ്റിവ 125 ഉപയോഗിക്കുന്നത് 8.4 പിഎസ് കരുത്തും 10.5 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുന്ന 123.92 സിസി എന്‍ജിനാണ്.