യുകെയില്‍ സാന്നിധ്യമറിയിച്ച് ഹീറോ മോട്ടോകോര്‍പ്പ്

ലങ്കാഷൈര്‍ ആസ്ഥാനമായ മോട്ടോജിബിയുമായി പങ്കാളിത്തം സ്ഥാപിച്ചു

ഇതോടെ 51-ാമത്തെ അന്താരാഷ്ട്ര വിപണിയില്‍ സാന്നിധ്യമറിയിച്ചു. ഇറ്റലിയിലും സ്‌പെയിനിലും ഈയിടെ പ്രവര്‍ത്തനമാരംഭിച്ചിരുന്നു

ഹീറോ ഹങ്ക് 440 മോട്ടോര്‍സൈക്കിളില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് യുകെയിലേക്കും കടന്നുചെല്ലുന്നത്

തുടക്കത്തില്‍ 25 ലധികം വില്‍പ്പന, സര്‍വീസ് ഔട്ട്‌ലെറ്റുകള്‍ സ്ഥാപിക്കും. 2026 ഓടെ 35 ലധികം സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കും

ലണ്ടന്‍/ ന്യൂഡല്‍ഹി: മോട്ടോജിബിയുമായുള്ള പങ്കാളിത്തം വഴി യുണൈറ്റഡ് കിംഗ്ഡം വിപണിയില്‍ പ്രവേശിച്ചതായി വാര്‍ത്താക്കുറിപ്പിലൂടെ ഹീറോ മോട്ടോകോര്‍പ്പ് അറിയിച്ചു. ഇതോടെ 51-ാമത്തെ അന്താരാഷ്ട്ര വിപണിയിലാണ് കമ്പനി സാന്നിധ്യമറിയിക്കുന്നത്. ഇറ്റാലിയന്‍, സ്പാനിഷ് വിപണികളില്‍ ഹീറോ മോട്ടോകോര്‍പ്പ് ഈയിടെ പ്രവര്‍ത്തനമാരംഭിച്ചിരുന്നു. യൂറോപ്പിലെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതാണ് പുതിയ നീക്കം.

ഹീറോ ഹങ്ക് 440 മോട്ടോര്‍സൈക്കിളില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് ഹീറോ മോട്ടോകോര്‍പ്പ് യുകെയിലേക്കും കടന്നുചെല്ലുന്നത്. താങ്ങാവുന്ന വിലയില്‍, കരുത്തും സ്‌റ്റൈലും ആഗ്രഹിക്കുന്ന യുകെ റൈഡര്‍മാര്‍ക്കായി രൂപകല്‍പ്പന ചെയ്തതാണ് ഈ ഉല്‍പ്പന്നം. ട്വിലൈറ്റ് ബ്ലൂ, ഫാന്റം ബ്ലാക്ക്, ടൈറ്റാനിയം ഗ്രേ എന്നീ നിറങ്ങളില്‍ ഹീറോ ഹങ്ക് 440 ലഭ്യമായിരിക്കും.

കൂടുതല്‍ ദൃഢത ഉറപ്പുവരുത്തുന്നതിനായി ഹൈ ടെന്‍സില്‍ സ്റ്റീല്‍ ട്രെല്ലിസ് ഫ്രെയിമിലാണ് ഹീറോ ഹങ്ക് 440 നിര്‍മിച്ചിരിക്കുന്നത്. 6,000 ആര്‍പിഎമ്മില്‍ 27 ബിഎച്ച്പി കരുത്തും 4,000 ആര്‍പിഎമ്മില്‍ 36 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നതാണ് 440 സിസി എന്‍ജിന്‍. 6 സ്പീഡ് ട്രാന്‍സ്മിഷന്‍ ചേര്‍ത്തുവെച്ചു. ഡുവല്‍ ചാനല്‍ എബിഎസ്, KYB യുടെ യുഎസ്ഡി കാര്‍ട്രിജ് ഫോര്‍ക്കുകള്‍, പൂര്‍ണ ഡിജിറ്റലായ ടിഎഫ്ടി ഡിസ്‌പ്ലേ, യുകെ റോഡുകളില്‍ സുരക്ഷ വര്‍ധിപ്പിക്കുന്നതിനും സ്റ്റൈല്‍ മികവിനുമായി ഫുള്‍ എല്‍ഇഡി ലൈറ്റിംഗ് എന്നിവ നല്‍കിയിരിക്കുന്നു.

യുകെയിലെ വിതരണത്തെയും ഉപയോക്താക്കളിലേക്ക് കടന്നുചെല്ലാനും സഹായിക്കുന്നതാണ് ലങ്കാഷൈര്‍ ആസ്ഥാനമായ മോട്ടോജിബിയുമായുള്ള ഹീറോ മോട്ടോകോര്‍പ്പിന്റെ പങ്കാളിത്തം. തുടക്കത്തില്‍ 25 ലധികം ഔദ്യോഗിക വില്‍പ്പന, സര്‍വീസ് ഔട്ട്‌ലെറ്റുകള്‍ സ്ഥാപിക്കും. 2026 ഓടെ 35 ലധികം സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കും. വില്‍പ്പനാനന്തര പിന്തുണ ഉറപ്പുവരുത്തുന്നതായിരിക്കും കമ്പനിയുടെ സമഗ്രമായ ഡീലര്‍, സര്‍വീസ് ശൃംഖല.

ഗ്ലോബല്‍ പ്ലെയര്‍ ആകുന്നതിനുള്ള തന്ത്രപ്രധാന ചുവടുവയ്പ്പാണ് ഹീറോ മോട്ടോകോര്‍പ്പിന്റെ യുകെ പ്രവേശനം. ഇതോടെ 51 അന്താരാഷ്ട്ര വിപണികളിലായി വ്യാപിച്ചുകിടക്കുന്ന ഹീറോ മോട്ടോകോര്‍പ്പ്, നൂതന സാങ്കേതികവിദ്യ, പെര്‍ഫോമന്‍സ്, ലോകമെങ്ങുമുള്ള റൈഡര്‍മാര്‍ക്ക് അഭിഗമ്യത എന്നിവ സമന്വയിപ്പിച്ച ബ്രാന്‍ഡ് എന്ന നിലയില്‍ സ്വന്തം സ്വത്വം കെട്ടിപ്പടുക്കുന്ന പ്രവര്‍ത്തനം തുടരുന്നു.

പുതിയതും പരിചയസമ്പന്നരുമായ റൈഡര്‍മാര്‍ക്ക് ഒരുപോലെ പ്രാപ്യമാകുന്ന പ്രീമിയം മോട്ടോര്‍സൈക്കിളുകള്‍ നിര്‍മിക്കുകയാണ് ലക്ഷ്യമെന്ന് ഹീറോ മോട്ടോകോര്‍പ്പ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സഞ്ജയ് ഭാന്‍ പറഞ്ഞു. കമ്പനിയുടെ അന്താരാഷ്ട്ര പ്രയാണത്തിലെ ഒരു നിര്‍ണായക ചുവടുവയ്പ്പാണ് യുകെ പ്രവേശനമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹീറോയും മോട്ടോജിബിയും ഒരേ ലക്ഷ്യമാണ് പങ്കിടുന്നതെന്നും റൈഡര്‍മാര്‍ക്ക് ഒന്നാന്തരം മൂല്യവും സുഗമമായ ഉടമസ്ഥാവകാശ അനുഭവവും വാഗ്ദാനം ചെയ്യുകയാണ് ലക്ഷ്യമെന്നും മോട്ടോജിബി ജനറല്‍ മാനേജര്‍ മാറ്റ് കേ വ്യക്തമാക്കി.