പുതിയ ഇന്റീരിയര്‍ തീം, സ്‌റ്റൈലിംഗ് കരസ്ഥമാക്കി ഹോണ്ട എലവേറ്റ്

സെഡ്എക്‌സ്, വി, വിഎക്‌സ് വേരിയന്റുകളിലാണ് പരിഷ്‌കാരങ്ങള്‍

ടോപ് സ്‌പെക് സെഡ്എക്‌സ് വേരിയന്റിലാണ് ഏറ്റവും വലിയ അപ്‌ഡേറ്റ്

സെഡ്എക്‌സ് ഐവറി വേരിയന്റിന് 15.51 ലക്ഷം മുതല്‍

വി, വിഎക്‌സ് വേരിയന്റുകളുടെ വില യഥാക്രമം 12.39 ലക്ഷം, 14.13 ലക്ഷം മുതല്‍

ക്രിസ്റ്റല്‍ ബ്ലാക്ക് പേള്‍ എക്സ്റ്റീരിയര്‍ നിറത്തില്‍ ഇപ്പോള്‍ വി, വിഎക്‌സ്, സെഡ്എക്‌സ് വേരിയന്റുകള്‍ ലഭിക്കും

എലവേറ്റ് ബ്ലാക്ക് എഡിഷനും അപ്ഡേറ്റ് ചെയ്തു. രണ്ട് വേര്‍ഷനുകളില്‍ തുടര്‍ന്നും ലഭിക്കും

മെക്കാനിക്കല്‍ മാറ്റങ്ങളില്ല

ന്യൂഡല്‍ഹി: ഹോണ്ട എലവേറ്റ് ക്രോസ്ഓവറില്‍ മറ്റൊരു അപ്ഡേറ്റ് കൂടി നടത്തിയിരിക്കുകയാണ് ഹോണ്ട കാര്‍സ് ഇന്ത്യ. പുതിയ ഇന്റീരിയര്‍ തീമുകള്‍, എക്സ്റ്റീരിയര്‍ സ്‌റ്റൈലിംഗ്, കൂടുതല്‍ പേരെ ഷോറൂമുകളിലേക്ക് ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് പ്രത്യേക പതിപ്പുകള്‍ എന്നിവയുള്‍പ്പെടെ ഉത്സവ സീസണിന് അനുയോജ്യമായ പരിഷ്‌കാരങ്ങളാണ് വരുത്തിയത്.

സെഡ്എക്‌സ് എന്ന ടോപ് സ്‌പെക് വേരിയന്റിലാണ് ഏറ്റവും വലിയ അപ്‌ഡേറ്റ് നടത്തിയിരിക്കുന്നത്. ലെതറെറ്റ് അപ്‌ഹോള്‍സ്റ്ററി സഹിതം ഐവറി ഇന്റീരിയര്‍ തീം, ഡോറുകളിലും ഡാഷ്ബോര്‍ഡിലും സോഫ്റ്റ് ടച്ച് ഇന്‍സേര്‍ട്ടുകള്‍, ആഡംബര ലുക്കിനായി ഓപ്ഷണല്‍ ഗ്രില്‍ സറൗണ്ട് എന്നിവ ഈ പരിഷ്‌കാരങ്ങളില്‍ ഉള്‍പ്പെടുന്നു. ഉപയോക്താക്കള്‍ക്ക് 360 ഡിഗ്രി സറൗണ്ട് വിഷന്‍ ക്യാമറയും ഏഴ് നിറങ്ങളുള്ള ആംബിയന്റ് ലൈറ്റിംഗും തിരഞ്ഞെടുക്കാം. സെഡ്എക്‌സ് ഐവറി വേരിയന്റിന് 15.51 ലക്ഷം രൂപയില്‍ വില ആരംഭിക്കുന്നു (എക്‌സ് ഷോറൂം, ഡല്‍ഹി).

നേരത്തെയുള്ള ഇളം തവിട്ടു നിറ തീമിന് പകരമായി വി, വിഎക്‌സ് വേരിയന്റുകളില്‍ ഇപ്പോള്‍ ഐവറി ഇന്‍സേര്‍ട്ടുകളോടെ കറുത്ത ഫാബ്രിക് അപ്‌ഹോള്‍സ്റ്ററി നല്‍കി. ഇവയിലും ഓപ്ഷനായി പുതിയ ഗ്രില്‍ ലഭ്യമാണ്. ക്രിസ്റ്റല്‍ ബ്ലാക്ക് പേള്‍ എക്സ്റ്റീരിയര്‍ നിറത്തില്‍ ഇപ്പോള്‍ വി, വിഎക്‌സ്, സെഡ്എക്‌സ് വേരിയന്റുകള്‍ ലഭിക്കും. പരിഷ്‌കരിച്ച വി, വിഎക്‌സ് വേരിയന്റുകളുടെ വില യഥാക്രമം 12.39 ലക്ഷം രൂപയിലും 14.13 ലക്ഷം രൂപയിലും ആരംഭിക്കുന്നു.

എലവേറ്റ് ബ്ലാക്ക് എഡിഷനും ഹോണ്ട അപ്ഡേറ്റ് ചെയ്തു. രണ്ട് വേര്‍ഷനുകളില്‍ തുടര്‍ന്നും ലഭ്യമായിരിക്കും. സ്റ്റാന്‍ഡേഡ് ബ്ലാക്ക് എഡിഷനില്‍ ക്രോം, സില്‍വര്‍ ഹൈലൈറ്റുകള്‍ നല്‍കിയപ്പോള്‍ സിഗ്‌നേച്ചര്‍ ബ്ലാക്ക് എഡിഷന് പൂര്‍ണമായും ബ്ലാക്ക്ഡ്-ഔട്ട് സ്‌റ്റൈലിംഗ്, പുതിയ ഗ്രില്‍, ആംബിയന്റ് ലൈറ്റിംഗ് എന്നിവ സ്റ്റാന്‍ഡേഡായി ലഭിച്ചു. ലെതറെറ്റ് സീറ്റുകളും സോഫ്റ്റ് ടച്ച് മെറ്റീരിയലുകളും സഹിതം ഓള്‍-ബ്ലാക്ക് ഇന്റീരിയറുകള്‍ രണ്ടിലും കാണാം.

മെക്കാനിക്കല്‍ കാര്യങ്ങളില്‍ മാറ്റമൊന്നുമില്ല. 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ സിവിടി ഗിയര്‍ബോക്‌സുമായി ഘടിപ്പിച്ച 1.5 ലിറ്റര്‍ i-VTEC പെട്രോള്‍ എന്‍ജിനാണ് കരുത്തേകുന്നത്. ADAS, ആറ് എയര്‍ബാഗുകള്‍, LaneWatch ക്യാമറ, കണക്റ്റഡ് കാര്‍ സാങ്കേതികവിദ്യ എന്നിവ സ്റ്റാന്‍ഡേഡ് ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു.