മുഖം മിനുക്കി റെനോ കൈഗര്‍

2025 ഫേസ്‌ലിഫ്റ്റ് അവതരിപ്പിച്ചു; 6.29 ലക്ഷം രൂപ മുതല്‍

ഒയാസിസ് യെല്ലോ, ഷാഡോ ഗ്രേ എന്നീ രണ്ട് പുതിയ നിറങ്ങള്‍

പുതിയ പേരുകള്‍ നല്‍കി വേരിയന്റ് ലൈനപ്പ് പരിഷ്‌കരിച്ചു

മെക്കാനിക്കല്‍ മാറ്റങ്ങളില്ല

ന്യൂഡല്‍ഹി: ഫേസ്‌ലിഫ്റ്റ് ചെയ്ത റെനോ കൈഗര്‍ സബ് കോംപാക്റ്റ് എസ്‌യുവിയുടെ ബേസ് വേരിയന്റിന് 6.29 ലക്ഷം രൂപയും ടോപ് സ്‌പെക് വേരിയന്റിന് 11.29 ലക്ഷം രൂപയുമാണ് വില.

ബാഹ്യ രൂപകല്‍പ്പനയില്‍ മാറ്റങ്ങള്‍, ക്യാബിന്‍ മെച്ചപ്പെടുത്തലുകള്‍, പുതിയ ഫീച്ചറുകള്‍, അധിക സുരക്ഷ എന്നിവയോടെയാണ് 2025 റെനോ കൈഗര്‍ വരുന്നത്. റെനോയുടെ ഏറ്റവും പുതിയ ലോഗോ സഹിതം പുതിയ ഗ്രില്‍, പുനര്‍രൂപകല്‍പ്പന ചെയ്ത ഹുഡും ബംപറുകളും, പരിഷ്‌കരിച്ച എല്‍ഇഡി ലൈറ്റിംഗ്, 16 ഇഞ്ച് ഡയമണ്ട് കട്ട് ഡുവല്‍ ടോണ്‍ അലോയ് വീലുകള്‍ എന്നിവ ലഭിച്ചു. ഒയാസിസ് യെല്ലോ, ഷാഡോ ഗ്രേ എന്നിവയാണ് രണ്ട് പുതിയ പെയിന്റ് ഷേഡുകള്‍.

അകത്ത്, വെന്റിലേറ്റഡ് ലെതറെറ്റ് സീറ്റുകള്‍, പുതിയ ഡുവല്‍ ടോണ്‍ ഡാഷ്ബോര്‍ഡ്, പുതിയ അപ്‌ഹോള്‍സ്റ്ററി, ശാന്തമായ ഡ്രൈവിനായി അധിക ഇന്‍സുലേഷന്‍ എന്നിവ നല്‍കി ക്യാബിന്‍ പുനര്‍നിര്‍മിച്ചു. മള്‍ട്ടി-വ്യൂ ക്യാമറ, ഓട്ടോമാറ്റിക് ഹെഡ്‌ലാംപുകള്‍, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍ എന്നിവയും നല്‍കി. അതേസമയം, വയര്‍ലെസ് ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവ സഹിതം 8 ഇഞ്ച് ഫ്‌ളോട്ടിംഗ് ടച്ച്സ്‌ക്രീന്‍ തുടരുന്നു.

മെക്കാനിക്കല്‍ കാര്യങ്ങളില്‍ മാറ്റമില്ല. 72 ബിഎച്ച്പി/96 എന്‍എം ഉല്‍പ്പാദിപ്പിക്കുന്ന 1.0 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എന്‍ജിന്‍, 100 ബിഎച്ച്പി/160 എന്‍എം പുറപ്പെടുവിക്കുന്ന 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ എന്നിവയുടെ കൂട്ട് 5 എംടി, 5 എഎംടി, സിവിടി എന്നിവയാണ്. എന്‍എ മോട്ടോറില്‍ നിന്ന് 19.83 കിലോമീറ്ററും ടര്‍ബോ എന്‍ജിനില്‍ നിന്ന് 20.38 കിലോമീറ്ററും ഇന്ധനക്ഷമത ലഭിക്കും. സ്റ്റാന്‍ഡേഡായി ആറ് എയര്‍ബാഗുകള്‍, ഇഎസ്പി, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഐസോഫിക്‌സ് മൗണ്ടുകള്‍, ടിപിഎംഎസ് എന്നിവ നല്‍കി സുരക്ഷ കൂടുതല്‍ വര്‍ധിപ്പിച്ചു.

പരിഷ്‌കാരി ആയതോടെ, ടാറ്റ നെക്സോണ്‍, ഹ്യുണ്ടായ് വെന്യു, കിയ സോണറ്റ്, സ്‌കോഡ കൈലാഖ്, മാരുതി ഫ്രോങ്ക്‌സ്, നിസാന്‍ മാഗ്‌നൈറ്റ് എന്നിവയുമായി റെനോ കൈഗര്‍ മത്സരിക്കും.