ഇ200, ഇ220ഡി, ഇ450 4മാറ്റിക് എഎംജി ലൈന്‍ എന്നീ ഇ-ക്ലാസ് വേരിയന്റുകളുടെ വില ഇപ്പോള്‍ യഥാക്രമം 78.5 ലക്ഷം രൂപ, 80.5 ലക്ഷം രൂപ, 91.7 ലക്ഷം രൂപ എന്നിങ്ങനെയാണ്
കേന്ദ്ര സര്‍ക്കാരിന്റെ ജിഎസ്ടി പരിഷ്കരണത്തെ തുടര്‍ന്നാണ് മെഴ്സേഡീസ് ബെന്‍സ് ഇന്ത്യ വില കുറച്ചത്
പുതുതായി ‘വെര്‍ഡെ സില്‍വര്‍’ പെയിന്റ് ഓപ്ഷന് അവതരിപ്പിച്ചു
പൂണെ: കേന്ദ്ര സര്‍ക്കാരിന്റെ ജിഎസ്ടി പരിഷ്കരണത്തെ തുടര്‍ന്ന് മെഴ്സേഡീസ് ബെന്‍സ് ഇന്ത്യ തങ്ങളുടെ വിവിധ കാറുകളുടെ വില കുറച്ചു. ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ 6 ലക്ഷം രൂപ വരെ ലാഭിക്കാമെന്ന് ജര്‍മന്‍ വാഹന നിര്‍മാതാക്കള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഇ200, ഇ220ഡി, ഇ450 4മാറ്റിക് എഎംജി ലൈന്‍ എന്നീ ഇ-ക്ലാസ് വേരിയന്റുകളുടെ വില ഇപ്പോള്‍ യഥാക്രമം 78.5 ലക്ഷം രൂപ, 80.5 ലക്ഷം രൂപ, 91.7 ലക്ഷം രൂപ എന്നിങ്ങനെയാണ്. പുതു തലമുറ ഇ-ക്ലാസ് ഇന്ത്യയില്‍ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് ജിഎസ്ടി പരിഷ്കരണത്തിന്റെ ചുവടു പിടിച്ച് വില കുറച്ചത്. ഈ അവസരത്തില്‍, ഇ-ക്ലാസിനായി പുതുതായി ‘വെര്‍ഡെ സില്‍വര്‍’ പെയിന്റ് ഓപ്ഷന് അവതരിപ്പിച്ചു.

മൂന്ന് പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ ഇ-ക്ലാസ് ലഭ്യമാണ്. എന്‍ട്രി ലെവല്‍ ഇ200 മോഡലിന് 201 ബിഎച്ച്പി കരുത്തും 320 എന്‍എം ടോര്‍ക്കും നല്കുന്ന 2.0 ലിറ്റര്‍, 4 സിലിണ്ടര്‍, ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് കരുത്തേകുന്നത്. അതേസമയം, 375 ബിഎച്ച്പി കരുത്തും 500 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 3.0 ലിറ്റര്‍, 6 സിലിണ്ടര്‍, ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് ഇ450 4മാറ്റിക് എഎംജി ലൈന്‍ എന്ന ടോപ് സ്പെക് ഇ-ക്ലാസ് ഉപയോഗിക്കുന്നത്. 194 ബിഎച്ച്പി കരുത്തും 440 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുന്ന ഇ220ഡി വേര്‍ഷനും ലഭ്യമാണ്. 9 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് സ്റ്റാന്‍ഡേഡാണ്. 48 വോള്‍ട്ട് മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റം 23 ബിഎച്ച്പി കരുത്തും 205 എന്‍എം ടോര്‍ക്കും അധികമായി നല്‍കും.

