മോട്ടോജിപി ഹംഗേറിയന്‍ ജിപി: സീസണില്‍ തുടര്‍ച്ചയായ ഏഴാം ജയം സ്വന്തമാക്കി മാര്‍ക്വേസ്

പെഡ്രോ അക്കോസ്റ്റ രണ്ടാമതും മാര്‍ക്കോ ബെസെച്ചി മൂന്നാമതും ഫിനിഷ് ചെയ്ത് പോഡിയത്തില്‍ കൂട്ടുനിന്നു

ഇതോടെ 2025 സീസണില്‍ ആകെ പത്ത് വിജയങ്ങളായി. ഹംഗറിയില്‍ സ്പ്രിന്റ് റേസിലും ജയം മാര്‍ക്വേസിനൊപ്പമായിരുന്നു

റൈഡര്‍മാരുടെ പട്ടികയില്‍ അലക്‌സ് മാര്‍ക്വേസിനേക്കാള്‍ 175 പോയന്റിന് മാര്‍ക്ക് മാര്‍ക്വേസ് ഇപ്പോള്‍ ലീഡ് ചെയ്യുന്നു

1992 ന് ശേഷം ആദ്യമായി മോട്ടോജിപി ഹംഗറിയില്‍

ബുഡാപെസ്റ്റ്: ഈ സീസണില്‍ തകര്‍പ്പന്‍ ഫോം തുടരുന്ന മാര്‍ക്ക് മാര്‍ക്വേസ്, ഹംഗേറിയന്‍ മോട്ടോജിപിയിലും മിന്നും ജയം നേടി ജൈത്രയാത്ര തുടരുന്നു. ഇതോടെ ഡുകാറ്റിയുടെ സ്പാനിഷ് റൈഡര്‍ തന്റെ കരിയറിലെ ഏഴാം ലോക കിരീട സാധ്യത വര്‍ധിപ്പിച്ചു. 2013, 2014, 2016, 2017, 2018, 2019 സീസണുകളിലാണ് മാര്‍ക്ക് മാര്‍ക്വേസ് ഇതിനു മുമ്പ് ലോക ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയത്. ഈ സീസണില്‍ തുടര്‍ച്ചയായ ഏഴാം ജയമാണ് 32 കാരന്‍ നേടിയത്. ഇതോടെ 2025 സീസണില്‍ ആകെ പത്ത് വിജയങ്ങളായി. ഹംഗറിയില്‍ ശനിയാഴ്ച്ച നടന്ന സ്പ്രിന്റ് റേസിലും ജയം മാര്‍ക്വേസിനൊപ്പമായിരുന്നു. തുടര്‍ച്ചയായ 10 മോട്ടോജിപി വിജയങ്ങള്‍ നേടിയ കരിയര്‍ ബെസ്റ്റ് ചരിത്രം മാര്‍ക്ക് മാര്‍ക്വേസിന്റെ പേരിലുണ്ട്.

കെടിഎമ്മില്‍ കുതിച്ച സ്വന്തം നാട്ടുകാരന്‍ പെഡ്രോ അക്കോസ്റ്റയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഹംഗറിയില്‍ മാര്‍ക്ക് മാര്‍ക്വേസ് വെന്നിക്കൊടി പാറിച്ചത്. അപ്രീലിയ റൈഡര്‍ മാര്‍ക്കോ ബെസെച്ചി മൂന്നാം സ്ഥാനത്തെത്തി. ‘ദ മാര്‍ട്ടിനേറ്റര്‍’ എന്നറിയപ്പെടുന്ന 2024 ലോക ചാമ്പ്യന്‍ ജോര്‍ജ് മാര്‍ട്ടിന്‍ നാലാം സ്ഥാനം നേടിയത് ശ്രദ്ധേയമായി. ഗ്രിഡില്‍ 17-ാം സ്ഥാനത്ത് നിന്നാണ് അപ്രീലിയയുടെ 27 കാരന്‍ തുടങ്ങിയത്.

ഈ സീസണില്‍ എട്ട് റേസുകള്‍ ബാക്കി നില്‍ക്കെ, റൈഡര്‍മാരുടെ ചാമ്പ്യന്‍ഷിപ്പ് പട്ടികയില്‍ ഇളയ സഹോദരന്‍ അലക്‌സ് മാര്‍ക്വേസിനേക്കാള്‍ 175 പോയന്റിന് മാര്‍ക്ക് മാര്‍ക്വേസ് ഇപ്പോള്‍ ലീഡ് ചെയ്യുന്നു. പട്ടികയില്‍ ചേട്ടനും അനിയനും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിലാണ്. ഹംഗറിയില്‍ അലക്‌സ് പതിനാലാമനായാണ് ഫിനിഷ് ചെയ്തത്.

1992 ന് ശേഷം ആദ്യമായി മോട്ടോജിപി വിരുന്നെത്തിയ ഹംഗറിയില്‍ മാര്‍ക്വേസിന്റെ തുടക്കം വെല്ലുവിളി നിറഞ്ഞതായിരുന്നു. രണ്ടാം കോര്‍ണറില്‍ അദ്ദേഹം വീണുപോയി എന്നു തോന്നിച്ചതാണ്. ഇതോടെ മാര്‍ക്വേസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അതേസമയം, യോഗ്യതാ റൗണ്ടില്‍ മോശം പ്രകടനം കാഴ്ചവെച്ച ഡുകാറ്റിയുടെ സഹതാരം ഫ്രാന്‍സെസ്‌കോ ബാഗ്‌നയ 15-ാം സ്ഥാനത്തുനിന്ന് ഏഴാം സ്ഥാനത്തേക്ക് കുതിച്ചെത്തി. ഇതിനിടെ അലക്‌സ് മാര്‍ക്വേസ് ആദ്യ ലാപ്പില്‍ തന്നെ ക്രാഷ് നേരിട്ടു. അലക്‌സ് വീണ്ടും മോട്ടോര്‍സൈക്കിളില്‍ കയറിയെങ്കിലും പതിനാലാമനായാണ് ഫിനിഷ് ചെയ്തത്. ഇറ്റാലിയന്‍ താരം എനിയ ബാസ്റ്റ്യാനിനിയുടെ പ്രകടനം അതിനേക്കാള്‍ മോശമായിരുന്നു. ആദ്യ ലാപ്പ് പൂര്‍ത്തിയാക്കുന്നതിന് മുമ്പു തന്നെ വെല്ലുവിളി അവസാനിപ്പിച്ചു.

ബാസ്റ്റ്യാനിനി ട്രാക്കിന് കുറുകെ തെന്നിവീണതോടെ, മറ്റ് റൈഡര്‍മാര്‍ അദ്ദേഹത്തെ സമര്‍ത്ഥമായി ഒഴിവാക്കി കടന്നുപോയി. ഇതിനിടെ മാര്‍ക്ക് മാര്‍ക്വേസ് രണ്ടാം സ്ഥാനത്തേക്ക് കയറി, ഫ്രാങ്കോ മോര്‍ബിഡെല്ലിയെ മറികടന്നു. 21 ലാപ്പുകള്‍ ബാക്കി നില്‍ക്കെ ഒരു സെക്കന്‍ഡില്‍ താഴെ വ്യത്യാസത്തില്‍ ബെസെച്ചിയുടെ പിന്നിലായി. രണ്ട് ലാപ്പുകള്‍ പിന്നിട്ടപ്പോള്‍, മാര്‍ക്വേസ് ബെസെച്ചിയെ മറികടന്നു. പക്ഷേ ഇറ്റാലിയന്‍ താരം പെട്ടെന്ന് ലീഡ് തിരിച്ചുപിടിച്ചു. ആകെയുള്ള 26 ലാപ്പുകളില്‍ 11-ാം ലാപ്പിന്റെ തുടക്കത്തില്‍ മാര്‍ക്വേസ് ലീഡ് നേടുന്നതിന് മുമ്പ് അടുത്ത ഏതാനും ലാപ്പുകളില്‍ ഇരുവരും തമ്മില്‍ എലിയും പൂച്ചയും കളി തുടര്‍ന്നു.

ഇതിനിടെ, മുന്നില്‍ പാഞ്ഞിരുന്ന രണ്ടു പേരുടെയും സമീപം പെഡ്രോ അക്കോസ്റ്റ കുതിച്ചെത്തി. പാതി ദൂരം എത്തുമ്പോള്‍ ബെസെച്ചിയുടെ തോളൊപ്പമായിരുന്നു. ഇതിനകം, രണ്ടു പേര്‍ക്കും മുന്നില്‍ ഒരു സെക്കന്‍ഡ് വ്യത്യാസത്തില്‍ മാര്‍ക്വേസ് കുതിക്കുകയായിരുന്നു. അക്കോസ്റ്റയുടെ സ്വന്തം നാട്ടുകാരന്‍ ഫെര്‍മിന്‍ ആല്‍ഡെഗുയറുടെ ഭാഗത്തു നിന്ന് മോര്‍ബിഡെല്ലിയെ നാലാം സ്ഥാനത്തേക്ക് പിന്തള്ളാനുള്ള ശ്രമമുണ്ടായി. എന്നാല്‍ 14-ാം ലാപ്പില്‍ ആദ്യത്തെ കോര്‍ണറില്‍ ക്രാഷ് നേരിട്ടു. ആല്‍ഡെഗുയര്‍ വീണ്ടും മോട്ടോര്‍സൈക്കിളില്‍ കയറിയെങ്കിലും ഏറ്റവുമൊടുവില്‍ പതിനാറാമനായാണ് ഫിനിഷ് ചെയ്തത്. അതേ ഘട്ടത്തില്‍, ഷികെയ്‌നിലൂടെ കടന്നുപോയതിന് ലോംഗ് ലാപ്പ് പെനാല്‍റ്റി ലഭിച്ചത് ഇറ്റാലിയന്‍ താരം ബഗ്‌നായയ്ക്കു തിരിച്ചടിയായി. ഇതിനിടെ, അക്കോസ്റ്റ രണ്ടാം സ്ഥാനത്തേക്ക് കയറി.