ഓണം കളറാക്കാന്‍ ഫ്‌ളാഷ് റെഡ് നിറത്തില്‍ വര്‍ട്ടൂസ്, ടൈഗുണ്‍

ടൈഗുണിന്റെയും വര്‍ട്ടൂസിന്റെയും ജിടി ലൈന്‍ വേരിയന്റില്‍ മാത്രം പുതിയ ‘ഫ്‌ളാഷ് റെഡ്’ കളര്‍ ഓപ്ഷന്‍ ലഭിക്കും

ചിങ്ങം ഒന്നിന് 106 കാറുകള്‍ ഡെലിവറി ചെയ്തതായി ഫോക്‌സ്‌വാഗണ്‍ ഇന്ത്യ

കേരളത്തിലെ പ്രീമിയം സെഡാന്‍ സെഗ്മെന്റില്‍ 49 ശതമാനമാണ് ഫോക്‌സ്‌വാഗണ്‍ വര്‍ട്ടൂസിന്റെ വിഹിതം

കൊച്ചി: ഓണത്തോടനുബന്ധിച്ച് കേരളത്തില്‍ ഫോക്സ്‌വാഗണ്‍ വര്‍ട്ടൂസ്, ടൈഗുണ്‍ മോഡലുകളുടെ ‘ഫ്‌ളാഷ് റെഡ്’ കളര്‍ ഓപ്ഷന്‍ അവതരിപ്പിച്ചു. ടൈഗുണിന്റെയും വര്‍ട്ടൂസിന്റെയും ജിടി ലൈന്‍ വേരിയന്റുകളില്‍ മാത്രമായിരിക്കും പുതിയ ‘ഫ്‌ളാഷ് റെഡ്’ കളര്‍ ലഭ്യമാകുന്നത്. ചിങ്ങം ഒന്നിന് 106 കാറുകള്‍ ഡെലിവറി ചെയ്തുകൊണ്ട് ഫോക്‌സ്‌വാഗണ്‍ ഇന്ത്യ തങ്ങളുടെ ഉപയോക്താക്കളോടൊപ്പം ഓണാഘോഷങ്ങള്‍ക്ക് തുടക്കമിടുകയും ചെയ്തു.

ജിടി ലൈന്‍ വകഭേദങ്ങളുടെ ഫീച്ചറുകളാല്‍ സമൃദ്ധമായ പാക്കേജ്, ബ്ലാക്ക് തീം എന്നിവ കൂടാതെ സ്പോര്‍ട്ടി രൂപകല്‍പ്പനയുടെ സൗന്ദര്യവും ഇപ്പോള്‍ പുതിയ ‘ഫ്‌ളാഷ് റെഡ്’ നിറവും ചേരുമ്പോള്‍ ഈ ഉത്സവ സീസണില്‍ ടൈഗുണ്‍, വര്‍ട്ടൂസ് കാറുകള്‍ ഏവരുടെയും ശ്രദ്ധയാകര്‍ഷിക്കും. 25.65 സെ.മീ. വിഡബ്ല്യു പ്ലേ ടച്ച്സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ്, 20.32 സെ.മീ. ഡിജിറ്റല്‍ കോക്ക്പിറ്റ്, 17 ഇഞ്ച് ‘കാസിനോ’ ബ്ലാക്ക് അലോയ് വീലുകള്‍, ഫ്രണ്ട്, സൈഡ്, കര്‍ട്ടന്‍ എന്നിവയുള്‍പ്പെടെ 6 എയര്‍ബാഗുകള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, സ്മാര്‍ട്ട് ടച്ച് ‘ക്ലൈമട്രോണിക്’ ഓട്ടോ എസി തുടങ്ങിയ ഫീച്ചറുകള്‍ ടൈഗുണിന്റെയും വര്‍ട്ടൂസിന്റെയും ജിടി ലൈന്‍ വകഭേദത്തില്‍ ലഭ്യമാണ്.

കേരളത്തില്‍ വില്‍ക്കുന്ന ഏറെക്കുറേ ഓരോ രണ്ടാമത്തെയും പ്രീമിയം സെഡാന്‍ ഫോക്‌സ്‌വാഗണ്‍ വര്‍ട്ടൂസാണ്. നിലവില്‍ 49 ശതമാനമാണ് സെഗ്മെന്റ് വിഹിതം. കേരളം തങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയ വിപണികളില്‍ ഒന്നാണെന്നും ഈ വര്‍ഷം ഈ പുതിയ നിറം അവതരിപ്പിച്ചുകൊണ്ട് ഓണം ആഘോഷിക്കുന്നതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്നും ഫോക്സ്‌വാഗണ്‍ ഇന്ത്യ ബ്രാന്‍ഡ് ഡയറക്ടര്‍ നിതിന്‍ കോലി പറഞ്ഞു.