‘ടോപ് സ്‌പെക്’ തിരുമ്പി വന്തിട്ടേന്ന് സൊല്ല്

2020 ചിങ്ങം ഒന്നിനാണ് ‘ടോപ് സ്‌പെക്’ ആദ്യമായി ലോഞ്ച് ചെയ്തത്

നിങ്ങളുടെ പിന്തുണയാണ് ടോപ് സ്‌പെക് ടീമിന് ഇന്ധനവും ഊര്‍ജ്ജവുമായത്

ആദ്യ ഘട്ടത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ ഇപ്പോള്‍ കാണാതെ പോകുന്നതില്‍ ഞങ്ങളുടെ അതേ വിഷമം നിങ്ങള്‍ക്കും ഉണ്ടായിരിക്കും

മാധ്യമപ്രവര്‍ത്തന രംഗത്ത് രണ്ട് പതിറ്റാണ്ടിലധികം കാലത്തെ അനുഭവസമ്പത്ത് കൈമുതലായ ശങ്കര്‍ മീറ്റ്‌നയാണ് ടോപ് സ്‌പെക് വെബ് പോര്‍ട്ടലിന് നേതൃത്വം നല്‍കുന്നത്

കൊച്ചി: ചെറിയ ഇടവേളയ്ക്കു ശേഷം ‘ടോപ് സ്‌പെക്’ വീണ്ടും നിങ്ങളുടെ മുന്നിലെത്തുകയാണ്. സാങ്കേതിക കാരണങ്ങളാല്‍ വെബ് പോര്‍ട്ടലിന്റെ പ്രവര്‍ത്തനം തല്‍ക്കാലം നിര്‍ത്തിവെയ്ക്കുകയായിരുന്നു. 2020 ചിങ്ങം ഒന്നിനാണ് ‘ടോപ് സ്‌പെക്’ എന്ന ഓട്ടോമോട്ടീവ് വെബ് പോര്‍ട്ടല്‍ ആദ്യമായി ലോഞ്ച് ചെയ്തത്. വാഹന ലോകത്തെ പ്രധാനപ്പെട്ട വാര്‍ത്തകളും അപ്‌ഡേറ്റുകളും സഗൗരവം നിങ്ങളിലെത്തിക്കുന്നതിന് ടോപ് സ്‌പെക് ടീം ആത്മാര്‍ത്ഥതയോടെ, അക്ഷീണ പ്രയത്‌നമാണ് നടത്തിയത്. നിങ്ങളുടെ പിന്തുണയാണ് ടോപ് സ്‌പെക് ടീമിന് ഇന്ധനവും ഊര്‍ജ്ജവുമായത്. ഇപ്പോള്‍ ഈ ചിങ്ങം ഒന്നിന് ടോപ് സ്‌പെക് പുനര്‍ജനിക്കുകയാണ്. രണ്ടാം ജന്മമെന്ന് പറയാം. ദ്വിജന്‍!

കാറുകള്‍, മോട്ടോര്‍സൈക്കിളുകള്‍, സ്‌കൂട്ടറുകള്‍, ഇലക്ട്രിക് വാഹനങ്ങള്‍, വാണിജ്യ വാഹനങ്ങള്‍ എന്നിവ സംബന്ധിച്ച അപ്‌ഡേറ്റുകള്‍ കൂടാതെ മോട്ടോര്‍സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട ആവേശകരമായ വാര്‍ത്തകളും വാഹന വ്യവസായത്തിലെ സുപ്രധാന വാര്‍ത്തകളും വാഹനങ്ങള്‍ ടെസ്റ്റ് ഡ്രൈവ്/ റൈഡ് നടത്തിയുള്ള അവലോകനങ്ങളും വെബ് പോര്‍ട്ടലില്‍ മുമ്പത്തെപ്പോലെ സവിസ്തരം ഉണ്ടായിരിക്കും. അതേസമയം, ആദ്യ ഘട്ടത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ വെബ് പോര്‍ട്ടലില്‍ ഇപ്പോള്‍ കാണാതെ പോകുന്നതില്‍ ഞങ്ങളുടെ അതേ വിഷമം നിങ്ങള്‍ക്കും ഉണ്ടായിരിക്കുമെന്നു തന്നെയാണ് വിശ്വസിക്കുന്നത്.

മാധ്യമപ്രവര്‍ത്തന രംഗത്ത് രണ്ട് പതിറ്റാണ്ടിലധികം അനുഭവസമ്പത്ത് കൈമുതലായ ശങ്കര്‍ മീറ്റ്‌നയാണ് ടോപ് സ്‌പെക് വെബ് പോര്‍ട്ടലിന് നേതൃത്വം നല്‍കുന്നത്. പ്രമുഖ മലയാള ടെലിവിഷന്‍ വാര്‍ത്താ ചാനലുകളിലും ദിനപത്രങ്ങള്‍ ഉള്‍പ്പെടെയുള്ള അച്ചടി മാധ്യമങ്ങളിലും പ്രവര്‍ത്തിച്ച ശങ്കര്‍ മീറ്റ്‌ന, വാര്‍ത്തകളെ ഗൗരവപൂര്‍വം സമീപിക്കുന്ന മാധ്യമപ്രവര്‍ത്തകനാണ്. രണ്ടാം വരവില്‍ മികവ് വര്‍ധിപ്പിക്കുകയാണ് ടീം ലക്ഷ്യമിടുന്നത്.

‘ടോപ് സ്‌പെക്’ രണ്ടാം ഇന്നിംഗ്‌സിന് ഇറങ്ങുകയാണ്!