2025 ഡുകാറ്റി മള്‍ട്ടിസ്ട്രാഡ വി2 ഇന്ത്യയില്‍

അഡ്വഞ്ചര്‍ ടൂറിംഗ് മോട്ടോര്‍സൈക്കിളിന്റെ എക്‌സ് ഷോറൂം വില 18.88 ലക്ഷം മുതല്‍

പരിഷ്‌കരിച്ച മോഡല്‍ രണ്ട് വേരിയന്റുകളില്‍ ലഭ്യമാണ്

പുതുതായി വികസിപ്പിച്ച ഡുകാറ്റി വി2 എന്‍ജിനാണ് മോട്ടോര്‍സൈക്കിളിന്റെ ഹൃദയം

മുന്‍ തലമുറ മോഡലുമായി താരതമ്യം ചെയ്യുമ്പോള്‍ 18 കിലോഗ്രാം ഭാരം കുറഞ്ഞു

ന്യൂഡല്‍ഹി: 2025 ഡുകാറ്റി മള്‍ട്ടിസ്ട്രാഡ വി2 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. മള്‍ട്ടിസ്ട്രാഡ വി2, മള്‍ട്ടിസ്ട്രാഡ വി2 എസ് എന്നീ രണ്ട് വേരിയന്റുകളില്‍ പരിഷ്‌കരിച്ച മോഡല്‍ ലഭ്യമാണ്. 18.88 ലക്ഷം രൂപ മുതലാണ് അഡ്വഞ്ചര്‍ ടൂറിംഗ് മോട്ടോര്‍സൈക്കിളിന്റെ എക്‌സ് ഷോറൂം വില. സ്റ്റോം ഗ്രീന്‍ എന്ന കളര്‍ ഓപ്ഷനോടു കൂടിയ മള്‍ട്ടിസ്ട്രാഡ വി2 എസ് എന്ന ടോപ് സ്‌പെക് വേരിയന്റിന് 21.29 ലക്ഷം രൂപയാണ് വില.

ബ്രാന്‍ഡിന്റെ കൃത്യമായ സ്പോര്‍ട്ടിംഗ് ഡിഎന്‍എയും ദൈനംദിന ഉപയോഗക്ഷമതയും സമന്വയിപ്പിക്കുകയെന്ന ഡുകാറ്റിയുടെ തത്ത്വത്തിന് അതേപടി മൂര്‍ത്തരൂപം നല്‍കിയതാണ് 2025 മള്‍ട്ടിസ്ട്രാഡ വി2. പുതുതായി വികസിപ്പിച്ചെടുത്ത ഡുകാറ്റി വി2 എന്‍ജിനാണ് മോട്ടോര്‍സൈക്കിളിന്റെ ഹൃദയം. വേരിയബിള്‍ വാല്‍വ് ടൈമിംഗ് സജ്ജീകരിച്ചതും ഒതുക്കമുള്ളതും ഭാരം കുറഞ്ഞതുമായ 890 സിസി, 90 ഡിഗ്രി, വി ട്വിന്‍ എന്‍ജിനാണിത്. ഇന്ത്യയുടെ ഇ20 ഇന്ധന മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഈ മോട്ടോര്‍ 10,750 ആര്‍പിഎമ്മില്‍ 115 ബിഎച്ച്പി കരുത്തും 8,250 ആര്‍പിഎമ്മില്‍ 92 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. വാല്‍വ് ക്ലിയറന്‍സ് ഇടവേളകള്‍ 45,000 കിലോമീറ്ററായി ദീര്‍ഘിപ്പിച്ചിരിക്കുന്നു.

മുന്‍ തലമുറ മോഡലുമായി താരതമ്യം ചെയ്യുമ്പോള്‍ 18 കിലോഗ്രാം ഭാരക്കുറവുമായാണ് പുതിയ മള്‍ട്ടിസ്ട്രാഡ വി2 വരുന്നത്. പുതിയ അലുമിനിയം മോണോകോക്ക് ഫ്രെയിം, സ്റ്റീല്‍ ട്രെല്ലിസ് റിയര്‍ സബ്‌ഫ്രെയിം, കാസ്റ്റ് അലുമിനിയം സ്വിംഗ്ആം എന്നിവയാണ് ഈ മെഷീന്റെ ഭാരം കുറയ്ക്കാന്‍ സഹായിച്ചത്. മള്‍ട്ടിസ്ട്രാഡ വി4 ല്‍ നിന്നാണ് ഇത്തരമൊരു ഡിസൈന്‍ ഫിലോസഫി കടമെടുത്തത്. ഫലമോ, ഇന്ധനം നിറയ്ക്കാതെ വി2 വേരിയന്റിന് 199 കിലോഗ്രാമും വി2 എസ് വേരിയന്റിന് 202 കിലോഗ്രാമുമാണ് ഭാരം. ഇക്കാരണം കൊണ്ടുതന്നെ, ഈ വിഭാഗം ബൈക്കുകള്‍ക്കിടയില്‍ ഏറ്റവും മികച്ച ശരീരലാഘവവും ചുറുചുറുക്കും ഹാന്‍ഡ്‌ലിംഗും അനുഭവപ്പെടും.

ഡുകാറ്റിയുടെ തനത് ഡിസൈന്‍ ഭാഷയോട് നീതി പുലര്‍ത്തുന്നതാണ് പുതിയ മള്‍ട്ടിസ്ട്രാഡ വി2. പക്ഷേ കൂടുതല്‍ ഷാര്‍പ്പ് ലൈനുകളും കൂടുതല്‍ സ്‌പോര്‍ട്ടിയായ നില്‍പ്പും ഇപ്പോള്‍ കാണാം. പനിഗാലെ, മള്‍ട്ടിസ്ട്രാഡ വി4 എന്നിവയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ് ഡേടൈം റണ്ണിംഗ് ലൈറ്റുകളോടു കൂടിയ പുതിയ ഹെഡ്‌ലൈറ്റുകള്‍. ഇത് മോട്ടോര്‍സൈക്കിളിന് കോംപാക്റ്റ്, അഗ്രസീവ് മുഖഭാവം നല്‍കുന്നു. ഡുകാറ്റിയുടെ വ്യതിരിക്തമായ എക്സ്ഹോസ്റ്റ് നോട്ടിന്റെ ഉച്ചത വര്‍ധിപ്പിക്കുന്നതാണ് പരിഷ്‌കരിച്ച സൈലന്‍സര്‍ ഡിസൈന്‍. കുറഞ്ഞ സീറ്റ് ഉയരവും ഉത്കൃഷ്ടമാക്കിയ റൈഡര്‍ ട്രയാംഗിള്‍ ജ്യാമിതിയും എര്‍ഗണോമിക് മെച്ചപ്പെടുത്തലുകളില്‍ ഉള്‍പ്പെടുന്നു. ഇത് ദീര്‍ഘദൂര യാത്രകളില്‍ കൂടുതല്‍ യാത്രാസുഖവും മെച്ചപ്പെട്ട വിധത്തില്‍ നിലത്ത് കാല് എത്തുന്നതും ഉറപ്പാക്കും. കൂടുതല്‍ സ്ഥലസൗകര്യത്തിനും യാത്രാസുഖത്തിനുമായി പില്യണ്‍ സീറ്റ് പുനര്‍രൂപകല്‍പ്പന ചെയ്തു. സഹയാത്രികന് കൂടുതല്‍ ലെഗ്റൂം ലഭിക്കുന്നതിന് ടോപ്പ് ബോക്സ് മൗണ്ടുകള്‍ മാറ്റിസ്ഥാപിച്ചു.

സാങ്കേതികവിദ്യയുടെ കാര്യത്തില്‍, പുതിയ 5 ഇഞ്ച് ഫുള്‍ ടിഎഫ്ടി കളര്‍ ഡിസ്പ്ലേയിലൂടെ കൈകാര്യം ചെയ്യാവുന്ന സമഗ്രമായ ബഹുഭാഷാ ഇലക്ട്രോണിക്‌സ് സ്യൂട്ടാണ് മള്‍ട്ടിസ്ട്രാഡ വി2 ല്‍ ഡുകാറ്റി സജ്ജീകരിച്ചിരിക്കുന്നത്. മൂന്ന് വ്യത്യസ്ത ഇന്‍ഫോ മോഡുകള്‍ ലഭ്യമായിരിക്കും. സ്പോര്‍ട്ട്, ടൂറിംഗ്, അര്‍ബന്‍, എന്‍ഡ്യൂറോ, വെറ്റ് എന്നീ അഞ്ച് റൈഡിംഗ് മോഡുകളിലൊന്ന് റൈഡര്‍മാര്‍ക്ക് തിരഞ്ഞെടുക്കാം: ഓരോന്നും പവര്‍ ഡെലിവറിയിലും ഇലക്ട്രോണിക് ഇടപെടലുകളിലും ആവശ്യമായ മാറ്റങ്ങള്‍ വരുത്തും. കോര്‍ണറിംഗ് എബിഎസ്, ഡുകാറ്റി ട്രാക്ഷന്‍ കണ്‍ട്രോള്‍ (ഡിടിസി), ഡുകാറ്റി വീലി കണ്‍ട്രോള്‍ (ഡിഡബ്ല്യുസി), എന്‍ജിന്‍ ബ്രേക്ക് കണ്‍ട്രോള്‍ (ഇബിസി) തുടങ്ങിയ പ്രധാന സുരക്ഷാ ഫീച്ചറുകള്‍ ഈ സംവിധാനവുമായി സംയോജിപ്പിച്ചിരിക്കുന്നു. ഇവയെല്ലാം റൈഡര്‍ക്ക് ഇഷ്ടാനുസരണം ക്രമീകരിക്കാവുന്നതാണ്. ക്രൂസ് കണ്‍ട്രോള്‍, യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ട്, ഹാര്‍ഡ് ബ്രേക്കിംഗ് സമയത്ത് ബ്രേക്ക് ലൈറ്റ് യാന്ത്രികമായി തെളിയുന്ന ഡുകാറ്റി ബ്രേക്ക് ലൈറ്റ് ഇവോ എന്നിവ സ്റ്റാന്‍ഡേഡ് ഫീച്ചറുകളാണ്. വെളിച്ചം കുറവായ സ്ഥലങ്ങളില്‍ സൗകര്യവും സുരക്ഷയും നല്‍കുന്നതാണ് ഓഫ് ചെയ്താലും ഹെഡ്‌ലൈറ്റുകള്‍ കുറച്ചുനേരം ഓണാക്കി നിര്‍ത്തുന്ന കമിംഗ് ഹോം ഫംഗ്ഷന്‍.

ഡുകാറ്റിയുടെ സ്‌കൈഹുക്ക് സസ്പെന്‍ഷന്‍ (ഡിഎസ്എസ്) ഇവോ അനുഭവം മള്‍ട്ടിസ്ട്രാഡ വി2 എസ് വേരിയന്റില്‍ നിന്ന് ലഭിക്കും. റൈഡിംഗ് സാഹചര്യങ്ങള്‍ അടിസ്ഥാനമാക്കി ഡാമ്പിംഗ് തുടര്‍ച്ചയായി തത്സമയം ക്രമീകരിക്കുന്ന സെമി-ആക്റ്റീവ് സിസ്റ്റമാണിത്. ഒരു ബട്ടണ്‍ അമര്‍ത്തുമ്പോള്‍ റിയര്‍ സസ്പെന്‍ഷന്‍ കുറയ്ക്കുന്ന മിനിമം പ്രീലോഡ് ഫംഗ്ഷന്‍ മറ്റൊരു സവിശേഷതയാണ്. ഇത് റൈഡര്‍മാര്‍ക്ക് കാലുകള്‍ നിലത്ത് ഉറപ്പിക്കുന്നത് എളുപ്പമാക്കുന്നു, പ്രത്യേകിച്ച് ലഗേജ് അല്ലെങ്കില്‍ സഹയാത്രികന്‍ കൂടെയുള്ളപ്പോള്‍. 45 എംഎം സ്റ്റാന്‍ചിയോണുകള്‍ സഹിതം ഇലക്ട്രോണിക് നിയന്ത്രിത മാര്‍സോക്കി ഫോര്‍ക്കുകളും 170 എംഎം ട്രാവല്‍ ചെയ്യുന്ന റിയര്‍ ഷോക്കും സസ്പെന്‍ഷന്‍ നിര്‍വഹിക്കും. മുന്നില്‍ 19 ഇഞ്ച്, പിന്നില്‍ 17 ഇഞ്ച് അലുമിനിയം വീലുകളില്‍ ഓടുന്ന 2025 ഡുകാറ്റി മള്‍ട്ടിസ്ട്രാഡ വി2, പിറെല്ലി സ്‌കോര്‍പിയോണ്‍ ട്രെയില്‍ II ടയറുകളാണ് ഉപയോഗിക്കുന്നത്. മുന്നില്‍ 320 എംഎം ഇരട്ട ഡിസ്‌കുകളും പിന്നില്‍ 265 എംഎം ഡിസ്‌കും ബ്രെംബോ കാലിപറുകളും ബ്രേക്കിംഗ് കൈകാര്യം ചെയ്യും.

പരിഷ്‌കരിച്ച റൈഡിംഗ് മോഡുകളിലൂടെ റൈഡിംഗ് അനുഭവം ഡുകാറ്റി വിശിഷ്ടമാക്കിയിരിക്കുന്നു. ഓഫ് റോഡ് ആവശ്യങ്ങള്‍ക്കായി എന്‍ഡ്യൂറോ മോഡ് ഒരു പ്രത്യേക പവര്‍ മാപ്പ് നല്‍കും. ട്രാക്ഷന്‍ കണ്‍ട്രോള്‍ ഇടപെടല്‍ കുറയ്ക്കുന്നതിനൊപ്പം റിയര്‍ എബിഎസും വീലി നിയന്ത്രണവും പ്രവര്‍ത്തനരഹിതമാക്കും. വഴുക്കലുള്ള പ്രതലങ്ങളില്‍ കൂടുതല്‍ സ്ഥിരതയും ഗ്രിപ്പും ഉറപ്പാക്കുന്നതാണ് പുതുതായി അവതരിപ്പിച്ച വെറ്റ് മോഡ്. വിവിധ ഭൂപ്രദേശങ്ങളിലും കാലാവസ്ഥാ സാഹചര്യങ്ങളിലും 2025 ഡുകാറ്റി മള്‍ട്ടിസ്ട്രാഡ വി2 ബഹുമുഖപ്രതിഭയാകും.

ടൂറിംഗ് ഇഷ്ടപ്പെടുന്നവര്‍ക്കായി, അലുമിനിയം അല്ലെങ്കില്‍ പ്ലാസ്റ്റിക് സൈഡ് കേസുകള്‍, ക്രാഷ് പ്രൊട്ടക്ഷന്‍ കിറ്റുകള്‍, സെന്റര്‍ സ്റ്റാന്‍ഡ് എന്നിവയുള്‍പ്പെടെ വിപുലമായ ആക്സസറികള്‍ ലഭ്യമാണ്. നിരപ്പായ പാതകള്‍ക്കപ്പുറം പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഓപ്ഷണലായി സ്പോക്ക് വീലുകള്‍ വാഗ്ദാനം ചെയ്യുന്നു. മോട്ടോര്‍സൈക്കിളിന്റെ ദീര്‍ഘദൂര ടൂറിംഗ് കഴിവുകള്‍ പരിപൂര്‍ണമാക്കുന്നതിന്
മള്‍ട്ടിസ്ട്രാഡ ബൈക്കുകള്‍ക്ക് മാത്രമായി രൂപകല്‍പ്പന ചെയ്ത റൈഡിംഗ് വസ്ത്രങ്ങളുടെ പുതിയ നിരയും ഡുകാറ്റി അവതരിപ്പിച്ചു.

വേരിയന്റ് കളര്‍ ഓപ്ഷന്‍ എക്‌സ് ഷോറൂം വില

മള്‍ട്ടിസ്ട്രാഡ വി2 ഡുകാറ്റി റെഡ് 18,88,000 രൂപ
മള്‍ട്ടിസ്ട്രാഡ വി2 എസ് ഡുകാറ്റി റെഡ് 20,99,800 രൂപ
മള്‍ട്ടിസ്ട്രാഡ വി2 എസ് സ്റ്റോം ഗ്രീന്‍ 21,29,700 രൂപ